ഉ.കൊറിയയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ ചൈന നിയന്ത്രണമേര്‍പ്പെടുത്തി
ബെയ്ജിങ്: ഉ.കൊറിയക്കെതിരേ ശക്തമായ നടപടിയുടെ ഭാഗമായി എണ്ണ കയറ്റുമതിയില്‍ ചൈന നിയന്ത്രണമേര്‍പ്പെടുത്തി. ഒക്ടോബര്‍ ഒന്നുമുതലാണ് നിയന്ത്രണം നിലവില്‍ വരിക. ശുദ്ധീകരിച്ച പെട്രോളിയത്തിന്റെ കയറ്റുമതി പ്രതിവര്‍ഷം 20 ലക്ഷം ബാരലാക്കി കുറയ്ക്കാനും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ കയറ്റുമതി പൂര്‍ണമായും നിര്‍ത്തിവയ്ക്കാനുമാണ് തീരുമാനമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഉ.കൊറിയയില്‍നിന്നുള്ള തുണിത്തരങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലും ചൈന നിയന്ത്രണമേര്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. വിദേശത്തുനിന്ന് വരുമാനം കണ്ടെത്താനുള്ള ഉ.കൊറിയയുടെ അവസാന സ്രോതസാണു തുണിത്തരങ്ങളുടെ കയറ്റുമതി. ഇതു നിലയ്ക്കുന്നതോടെ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാവും ഉ.കൊറിയ. നേരത്തെ യു.എന്‍ ഉപരോധത്തെ തുടര്‍ന്ന് ഉ.കൊറിയയില്‍നിന്നുള്ള കല്‍ക്കരി, ഇരുമ്പയിര്, സീഫുഡ് തുടങ്ങിയവയ്ക്ക് ചൈന വിലക്കേര്‍പ്പെടുത്തിയിരുന്നു.
ആണവ മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ യു.എന്‍ പുതിയ ഉപരോധങ്ങള്‍ കൊണ്ടുവന്നതോടെ ഉ.കൊറിയ ഇനി എന്തു നിലപാടെടുക്കും എന്ന ആകാംക്ഷയിലാണ് ചൈന. നിലവില്‍ ഉ.കൊറിയയുടെ പ്രധാന വ്യാപാരപങ്കാളിയാണ് അവര്‍. ഉ.കൊറിയയുടെ 90 ശതമാനം വ്യാപാരങ്ങളുടെയും കയറ്റുമതി ചൈനയിലേക്കാണ്.യു.എന്‍ സുരക്ഷാ കൗണ്‍സില്‍ ഉ.കൊറിയയെ സംരക്ഷിക്കുന്ന നിലപാടാണ് ചൈനയുടേത്. അതിനാല്‍ പൂര്‍ണമായ ഉപരോധം ഇതുവരെ കൊണ്ടുവരാന്‍ യു.എന്നിന് സാധിച്ചിട്ടില്ല. എന്നാല്‍ കിം ജോങ് ഉന്നിന്റെ നിരന്തരമായ മിസൈല്‍ പരീക്ഷണങ്ങള്‍ മേഖല യില്‍ അസ്ഥിരത കൊണ്ടുവരുമെന്ന് ചൈന കരുതുന്നുണ്ട്. ഇതില്‍നിന്ന് ഉ.കൊറിയയെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയ നിയന്ത്രണങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."