അംഗീകാരത്തിനുള്ള നടപടികള്‍ സി.ബി.എസ്.ഇ കര്‍ക്കശമാക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ സി.ബി.എസ്.ഇ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച പരാതികള്‍ വ്യാപകമായിരിക്കെ സ്‌കൂളുകളുടെ അംഗീകാരം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സി.ബി.എസ്.ഇ കര്‍ക്കശമാക്കുന്നു. പുതുതായി അംഗീകാരത്തിനായി അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കടുത്ത നടപടിക്രമങ്ങളാവും ഇനിമുതല്‍ നേരിടേണ്ടിവരിക. ഇതിനുപുറമെ നിലവിലെ സ്‌കൂളുകളിലെ സുരക്ഷാ സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും സി.ബി.എസ്.ഇ നിരീക്ഷിക്കുകയുംചെയ്യും. കഴിഞ്ഞയാഴ്ച കേന്ദ്ര മാനവവിഭവശേഷിമന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും സി.ബി.എസ്.ഇയുടെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കുകയുണ്ടായി. ഗുഡ്ഗാവിലെ പ്രശസ്തമായ റയാന്‍ സ്‌കൂളിലെ ഏഴുവയസുകാരനായ വിദ്യാര്‍ഥി കൊല്ലപ്പെടുകയും സമീപത്തെ മറ്റൊരു സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ഥിനി കാംപസിനുള്ളില്‍ ലൈംഗിക അതിക്രമത്തിനിരയാവുകയുംചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷസംബന്ധിച്ച വിഷയം സജീവചര്‍ച്ചയായത്.
ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തിയാവും സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ തയാറാക്കുകയെന്ന് സി.ബി.എസ്.ഇ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഇതിനുള്ള ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയാറാക്കുന്ന സമിതിയെ യോഗം തെരഞ്ഞെടുത്തില്ല. സി.ബി.എസ്.ഇ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുതിയ നിരീക്ഷണ സമിതിയും രൂപീകരിക്കും. സമിതി സ്‌കൂളുകളിലെ സാഹചര്യങ്ങളും വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ചും പരിശോധന നടത്തും.
സി.ബി.എസ്.ഇയുടെ ചട്ടപ്രകാരമുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ സ്‌കൂളുകള്‍ പാലിക്കുന്നുണ്ടോയെന്നും സമിതി വിലയിരുത്തും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരേ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കും. നിശ്ചിത ഇടവേളകളില്‍ സ്‌കൂളുകളുടെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ മാനവ വിഭശേഷി മന്ത്രാലയം സി.ബി.എസ്.ഇക്കു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് അടുത്തിടെ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും സി.ബി.എസ്.ഇക്കും സുപ്രിം കോടതി കഴിഞ്ഞയാഴ്ച നോട്ടിസ് അയച്ചിരുന്നു. ഇതിനു പുറമെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യഹരജി സുപ്രിം കോടതിയുടെ പരിഗണനയിലുമാണ്.
ഈ കേസിലും കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. റയാന്‍ സ്‌കൂളിലെ ദാരുണസംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളിലെ അധ്യാപക- അനധ്യാപക ജീവനക്കാര്‍, ബസ് ഡ്രൈവര്‍മാര്‍ എന്നിവരെ മാനസിക പരിശോധനയ്ക്കു വിധേയമാക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞയാഴ്ച സി.ബി.എസ്.ഇ പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."