ട്രംപ് ആക്രമണം അനിവാര്യമാക്കുന്നു: ഉ.കൊറിയ
ന്യൂയോര്‍ക്ക്: യു.എന്‍ ജനറല്‍ അസംബ്ലിയിലെ ട്രംപിന്റെ ആദ്യ പ്രസംഗത്തോടെ ആരംഭിച്ച യു.എസ്-ഉത്തര കൊറിയ വാക്ക്‌പോര് തുടരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ പ്രകോപനങ്ങള്‍ അമേരിക്കക്കുനേരെ ഒരു ആക്രമണം അനിവാര്യമാക്കിത്തീര്‍ത്തിരിക്കുകയാണെന്ന് ഉ.കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോ മുന്നറിയിപ്പു നല്‍കി.
ഉ.കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ 'കൊച്ചു റോക്കറ്റുകാരന്‍' എന്ന് അധിക്ഷേപിച്ചുകൊണ്ട് ട്രംപ് നടത്തിയ പ്രസംഗത്തെ സൂചിപ്പിച്ചാണ് റി യോങ് ഹോയുടെ പ്രസ്താവന. ഉന്നിനെ കുറച്ചുകാണിക്കുന്ന ട്രംപിന്റെ പ്രസ്താവന ആക്രമണം വിളിച്ചുവരുത്തുന്നതാണെന്ന് ന്യൂയോര്‍ക്കില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഉ.കൊറിയയുമായുള്ള വ്യാപാരബന്ധങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തിയതു കൊണ്ടൊന്നും അമേരിക്കയുടെ ആയുധശേഷിക്കൊത്തു വളരാന്‍ ലക്ഷ്യമിട്ടുള്ള തങ്ങളുടെ ആണവ ബോംബ് നിര്‍മാണത്തെ തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്രയും ദീര്‍ഘവും ശക്തവുമായ പോരാട്ടത്തിലൂടെ ആണവശക്തിയുടെ അവസാന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഏതാനും ചുവടുകള്‍ മാത്രമേ ബാക്കിയിരിക്കുന്നുള്ളൂ. കടുത്ത ഉപരോധങ്ങളിലൂടെ ഉ.കൊറിയ കുലുങ്ങുമെന്നോ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുമെന്നോ ഉള്ള പ്രതീക്ഷകള്‍ വെറുതെയാണെന്നും റി യോങ് ഹോ വ്യക്തമാക്കി.
പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് നേരത്തെ അദ്ദേഹം ന്യൂയോര്‍ക്കില്‍ ഭീഷണി മുഴക്കിയിരുന്നു. ഉ.കൊറിയയ്‌ക്കെതിരേ ഉപരോധം ശക്തമാക്കാന്‍ കൂടുതല്‍ നടപടികളുമായി അമേരിക്ക മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലായിരുന്നു പ്രസ്താവന.
ദിവസങ്ങള്‍ക്കു മുന്‍പ് ട്രംപും ഉന്നും തമ്മില്‍ ശക്തമായ വാക്‌പോരാണ് നടന്നിരുന്നത്. ട്രംപ് വെറും മതിഭ്രമം ബാധിച്ച കിളവനാണെന്ന് കിം ജോങ് ഉന്‍ പരിഹസിച്ചപ്പോള്‍, ഉന്‍ സ്വന്തം ജനങ്ങളെ പോലും കൊലയ്ക്കു കൊടുക്കാന്‍ മടിയില്ലാത്ത ഭ്രാന്തനാണെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."