ജര്‍മനി വിധിയെഴുതി; മെര്‍ക്കലിന് നാലാമൂഴം
ബെര്‍ലിന്‍: യൂറോപ്പിന്റെ ഭാവിയില്‍ നിര്‍ണായകമായ ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതി. നാലാം തവണ ചാന്‍സലര്‍ സ്ഥാനത്തേക്കു മത്സരിച്ച ആംഗെലാ മെര്‍ക്കല്‍ വന്‍ വിജയം നേടുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 9.30ഓടെ സമാപിച്ച വോട്ടെടുപ്പില്‍ വന്‍ പോളിങ്ങാണു രേഖപ്പെടുത്തിയത്. ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ ഏഴു മണിയോടെയാണ് അന്തിമ ഫലപ്രഖ്യാപനമുണ്ടാകുക. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(സി.ഡി.യു)-ക്രിസ്ത്യന്‍ സെക്യുലര്‍ പാര്‍ട്ടി(സി.എസ്.യു) സഖ്യം 32.5 ശതമാനം വോട്ടൊടെ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നാണു ഫലപ്രവചനം. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്.പി.ഡി) 20 ശതമാനം വോട്ടോടെ രണ്ടാം സ്ഥാനത്തായപ്പോള്‍ മുസ്‌ലിം-കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി) ജര്‍മന്‍ പാര്‍ലമെന്റില്‍ 13.5 ശതമാനം വോട്ടോടെ ആദ്യമായി അക്കൗണ്ട് തുറന്നു. മൂന്നാമത്തെ ഒറ്റകക്ഷിയുമായി എ.എഫ്.ഡി. എസ്.പി.ഡിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് എക്‌സിറ്റ്‌പോളുകള്‍ പ്രവചിക്കുന്നത്.
ചാന്‍സലര്‍ സ്ഥാനത്തേക്ക് മെര്‍ക്കല്‍ അനായാസ വിജയം നേടുമെന്നു തന്നെയാണു പ്രതീക്ഷയെങ്കിലും അവരുടെ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കില്ലെന്നാണു തെരഞ്ഞെടുപ്പിനു മുന്‍പ് പുറത്തുവന്ന അഭിപ്രായ സര്‍വേകളെല്ലാം വ്യക്തമാക്കിയത്.
ബ്രെക്‌സിറ്റിനും ഫ്രഞ്ച്-നെതര്‍ലന്‍ഡ്‌സ് തെരഞ്ഞെടുപ്പുകള്‍ക്കും ശേഷം യൂറോപ്പ് ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ജര്‍മനിയിലേത്. കുടിയേറ്റ അനുകൂല നയം സ്വീകരിക്കുകയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ആഞ്ഞടിക്കുകയും ചെയ്ത ആംഗെലാ മെര്‍ക്കല്‍ യൂറോപ്യന്‍ അനുകൂലിയുമാണ്. ഇതിനാല്‍ യൂറോപ്യന്‍ യൂനിയന്‍ അടക്കമുള്ള സമിതികള്‍ക്കു പുറമെ ലോകസമൂഹവും മെര്‍ക്കലിന്റെ നാലാമൂഴത്തിനു വേണ്ടിയാണു പ്രാര്‍ഥിക്കുന്നത്. മെര്‍ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ നേരത്തെ 16 വര്‍ഷം ഭരിച്ച മുന്‍ ചാന്‍സലര്‍ ഹെല്‍മറ്റ് കോഹ്‌ളിന്റെ റെക്കോര്‍ഡിനൊപ്പമെത്തും അവര്‍.
ജര്‍മനിയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയായ എസ്.പി.ഡിയുടെ സ്ഥാനാര്‍ഥിയും മുന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റുമായ മാര്‍ട്ടിന്‍ ഷ്യൂള്‍സ് ആണ് മെര്‍ക്കലിന്റെ പ്രധാന എതിരാളി. തെരഞ്ഞെടുപ്പ് കാംപയിനിന്റെ ആദ്യഘട്ടത്തില്‍ എസ്.പി.ഡി വന്‍ ജനപിന്തുണ ആര്‍ജിച്ചിരുന്നെങ്കിലും സി.ഡി.യു പ്രചാരണരംഗത്ത് തിരിച്ചുവന്നിട്ടുണ്ട്. എസ്.പി.ഡിയെക്കാള്‍ 13-16 ശതമാനം വോട്ടിന്റെ ലീഡ് സി.ഡി.യു നേടുമെന്നാണ് അവസാനത്തെ അഭിപ്രായ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. സി.ഡി.യു 36ഉം എസ്.പി.ഡി 22ഉം ശതമാനം വോട്ട് നേടുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റിനു പുറമെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പിന്തുണക്കുന്ന കക്ഷിയാണ് എ.എഫ്.ഡി. മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുമായാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് കാംപയിന്‍ രംഗത്ത് സജീവമായിരുന്നത്. ബുര്‍ഖ അടക്കമുള്ള മുസ്‌ലിം ചിഹ്നങ്ങള്‍ക്കെതിരേയും പ്രചാരണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."