വയോധികയെ തലക്കടിച്ച് കൊന്ന സംഭവം പ്രതിയെന്ന് സംശയിക്കുന്ന പൂജാരി തൂങ്ങി മരിച്ച നിലയില്‍
ചേലക്കര: വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊന്ന് മൃതദേഹം ചാക്കില്‍ കെട്ടി കുറ്റിക്കാട്ടില്‍ തള്ളിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ക്ഷേത്ര പൂജാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുലാക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരി ഗോപി (34) ആണ് ആത്മഹത്യ ചെയ്തത്. കേസന്വേഷണത്തിന്റെ ഭാഗമായി ഗോപിയെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ ചേലക്കര സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ക്ഷേത്രത്തിലെ തിരക്കൊഴിഞ്ഞ് ഹാജരാകാമെന്നാണ് ഗോപി അറിയിച്ചിരുന്നത്. എന്നാല്‍ കാലത്ത് ക്ഷേത്ര ദര്‍ശനത്തിന് പോയ ഗോപിയുടെ മാതാവ് തിരിച്ചെത്തിയപ്പോള്‍ മകന്‍ വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. കഴിഞ്ഞ 20നാണ് പുലാക്കോട് ഒടുവതൊടി വീട്ടില്‍ പരേതനായ ചന്ദ്രനെഴുത്തച്ഛന്റെ ഭാര്യ കല്യാണിയമ്മ (70) യുടെ മൃതദേഹം വീടിന് സമീപമുള്ള കോട്ടപ്പുറം സുബ്രഹ്മണ്യന്‍ കോവിലിന് മുന്നിലുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. ക്ഷേത്രത്തില്‍ അടിച്ചുവാരാനെത്തിയ യുവതി മാലിന്യങ്ങള്‍ നിക്ഷേപിക്കാനെത്തിയപ്പോഴാണ് ചാക്ക് കെട്ട് കണ്ടത്. തലയ്ക്കടിച്ച് വീഴ്ത്തി ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷമായിരുന്നു മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ചതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.
വയോധിക അണിഞ്ഞിരുന്ന രണ്ട് വള, മൂന്നര പവന്‍ തൂക്കമുള്ള ചെയിന്‍, കമ്മല്‍ എന്നിവയടക്കം ആറ് പവന്‍ സ്വര്‍ണം കാണാതായിരുന്നു. അതുകൊണ്ടുതന്നെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ വയോധികയെ കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് പൊലിസ് എത്തിച്ചേര്‍ന്നത്. ഈ വഴിക്ക് തന്നെയായിരുന്നു അന്വേഷണവും. മരണമടഞ്ഞ ഗോപി ചേലക്കരയിലെ സ്ഥാപനത്തിലേക്ക് സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചിരുന്നതായി പൊലിസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഏതാനും മാസം മുന്‍പാണ് ഗോപി മാതാവിന്റെ കുടുംബക്ഷേത്രത്തില്‍ പൂജാരിയായി ചുമതലയേറ്റത്. ഈ ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകയായിരുന്നു കല്യാണിയമ്മ. ഉന്നത പൊലിസ് അധികൃതരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ഗോപിയുടെ മൃതദേഹത്തില്‍ നിന്ന് മണം പിടിച്ച പൊലിസ് നായ കല്യാണിയമ്മയുടെ വീടിനുള്ളില്‍ എത്തിയാണ് നിന്നത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."