ഖത്തര്‍ ഭരണാധികാരിക്ക് സ്വദേശത്തു ആവേശോജ്ജ്വല സ്വീകരണം
ദോഹ: വിജയകരമായ വിദേശപര്യടനങ്ങള്‍ പൂര്‍ത്തിയാക്കി തിരികെയെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനിക്ക് രാജ്യത്തെ സ്വദേശികളും പ്രവാസികളും ഒരുക്കിയത് വന്‍ സ്വീകരണം. ഞായറാഴ്ച മഗ്‌രിബ് നമസ്‌ക്കാരം കോര്‍ണിഷില്‍, അമീറിനെ ഖത്തര്‍ സ്വാഗതം ചെയ്യുന്നു തുടങ്ങിയ ഹാഷ് ടാഗുകളിലാണ് സോഷ്യല്‍ മീഡിയകളില്‍ അമീറിന്റെ വരവിന് സ്വാഗതമോതാനുള്ള ക്ഷണം പരന്നത്.
യു.എന്‍ ജനറല്‍ അസംബ്ലിയുടെ 72ാമത് സെഷനില്‍ ചരിത്രപരമായ പ്രസംഗം നിര്‍വഹിച്ച് ന്യൂയോര്‍ക്കില്‍ നിന്നും തിരികെയെത്തുന്ന അമീറിനെ കോര്‍ണിഷില്‍ മഗ്‌രിബ് നമസ്‌ക്കാരം നിര്‍വഹിച്ച് സ്വീകരിക്കുന്ന പദ്ധതിയാണ് ഒരുക്കിയത്.
നിരവധി ഔദ്യോഗിക പ്രതിനിധികളും സാംസ്‌ക്കാരിക നായകന്മാരും ഹാഷ് ടാഗ് ഉപയോഗിച്ച് അമീറിന്റെ സ്വീകരണത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വിറ്ററില്‍ തുടരെ തുടരെയാണ് അമീറിന്റെ സ്വീകരണത്തിനുള്ള ഹാഷ്ടാഗ് പ്രതികരണങ്ങള്‍ വന്നത്. ഖത്തറിന് പിന്തുണയും സ്‌നേഹവും അറിയിച്ച് ഖത്തരികളും പ്രവാസികളും വൈകിട്ട് അഞ്ചരയ്ക്ക് മഗ്‌രിബ് നമസ്‌ക്കാരം കുടുംബസമേതം കോര്‍ണിഷിലാക്കാമെന്ന ട്വീറ്റുകളുമുണ്ട്. ഗൃഹനാഥന് സ്വാഗതമെന്നാണ് ഹാഷ് ടാഗോടെ ശൈഖ് ജുവാന്‍ ബിന്‍ ഹമദ് ആല്‍ താനി ട്വീറ്റ് ചെയ്തത്.
അറബിക് ദിനപത്രം അല്‍ ശര്‍ഖിന്റെ അഭിപ്രായത്തില്‍ കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയാണ് ഗൃഹനാഥനെ സ്വാഗതം ചെയ്യാന്‍ ഞായറാഴ്ച മഗ്‌രിബ് നമസ്‌ക്കാരം കോര്‍ണിഷില്‍ എന്ന ഹാഷ് ടാഗിന് തുടക്കം കുറിച്ചത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി തുര്‍ക്കി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് യു എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയത്. ഗള്‍ഫ് പ്രതിസന്ധിയെ കുറിച്ച് മികച്ച പ്രഭാഷണം നിര്‍വഹിച്ച അദ്ദേഹം അന്യായമായ ഉപരോധത്തിലൂടെ രാജ്യത്തിന്റെ പരമാധികാരത്തെ അസ്ഥിരപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് വിശദീകരിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും അമീര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അമീറിന്റെ പ്രഭാഷണം ഖത്തറിന് അഭിമാനകരമായെന്നും അറബ്, ഫലസ്തീന്‍, മ്യാന്‍മര്‍ പ്രശ്‌നങ്ങളുടെ വസ്തുത അദ്ദേഹം ഉയര്‍ത്തിക്കാട്ടിയെന്നുമാണ് ജനങ്ങള്‍ അഭിപ്രായപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."