കായല്‍ കൈയ്യേറ്റം: തോമസ് ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഗതാഗതി മന്ത്രി തോമസ് ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി കായല്‍ നിലം കൈയേറിയെന്ന് ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായ സാഹചര്യത്തില്‍ 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് കത്ത് നല്കി.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് വേണ്ടി പാര്‍ക്കിംഗ് സ്ഥലം നിര്‍മ്മിച്ചത് കായല്‍ നികത്തിയാണെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. 2013 മുതലുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് കൈയേറ്റം സ്ഥിരീകരിച്ചത്. അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനം നഗ്നമായ നിയമലംഘനം നടത്തി സര്‍ക്കാര്‍ ഭൂമി കൈയേറിയത് ന്യായീകരിക്കാനാവില്ല. അതിനാല്‍ ചാണ്ടിയ്ക്കെതിരെ ആലപ്പുഴ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിക്കുന്നതിന് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അനുശാസിക്കും വിധം ബന്ധപ്പെട്ട റവന്യൂ ഡിവിഷന് ഓഫിസറെ ചുമതലപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."