വുഷു ചാംപ്യന്‍ഷിപ്പില്‍ അഭിമാനനേട്ടവുമായി ബിലാലും റഫാഹും
വടകര: സംസ്ഥാന വുഷു ചാംപ്യന്‍ഷിപ്പില്‍ അഭിമാന നേട്ടവുമായി ബിലാലും റഫാഹും. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തു നടന്ന ചാംപ്യന്‍ഷിപ്പിലാണ് ആയഞ്ചേരി സ്വദേശികളായ ഇവര്‍ സ്വര്‍ണ മെഡല്‍ നേടിയത്.
മികച്ച വിജയം സ്വന്തമാക്കിയ പൈങ്ങോട്ടായി സ്വദേശി കെ.സി മുഹമ്മദ് ബിലാലും ആയഞ്ചേരി സ്വദേശി വി. റഫാഹും ദേശീയ മത്സരത്തിലേക്കു യോഗ്യത നേടി. രണ്ടാം തവണയാണ് ഇരുവരും സംസ്ഥാന തലത്തില്‍ ഒന്നാമതെത്തുന്നത്. അടുത്ത മാസം ഷില്ലോങ്ങില്‍ നടക്കുന്ന മത്സരത്തില്‍ ഇരുവരും പങ്കെടുക്കും.
56 കിലോ വിഭാഗത്തില്‍ ബിലാല്‍ ചാംപ്യനായപ്പോള്‍ 48 കിലോ വിഭാഗത്തിലാണ് വി. റഫാഹ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം റഫാഹ് സ്വര്‍ണ മെഡല്‍ നേടുകയും ദേശീയ തലത്തില്‍ മത്സരിക്കുകയും ചെയ്തിരുന്നു. 2015-ല്‍ നടന്ന സംസ്ഥാന വുഷു ചാംപ്യന്‍ഷിപ്പില്‍ ബിലാല്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. 2015-ല്‍ ചത്തീസ്ഗഢില്‍ നടന്ന ദേശീയ വുഷു ചാംപ്യന്‍ഷിപ്പില്‍ ബിലാലും 2016-ല്‍ ജാര്‍ഖണ്ഡില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ റഫാഹും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
വുഷു പ്രദര്‍ശനത്തിലും നിരവധി പ്രാദേശിക വുഷു ചാംപ്യന്‍ഷിപ്പുകളിലും ഇരുവരുടെയും സാന്നിധ്യം ശ്രദ്ധേയമാണ്. ബിലാല്‍ തിരുവള്ളൂര്‍ യു.എം.എ.ഐയിലും റഫാഹ് കുറ്റ്യാടി യു.എം.എ.ഐയിലുമാണ് വുഷു അഭ്യസിക്കുന്നത്.
പൈങ്ങോട്ടായി കുന്നത്ത് ചാലില്‍ കുഞ്ഞബ്ദുല്ല-ആയിഷ ദമ്പതികളുടെ മകനായ ബിലാല്‍ ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസില്‍ നിന്ന് ഈ വര്‍ഷം ബിരുദം പൂര്‍ത്തിയാക്കി. വണ്ണണ്ടിയില് ഇബ്രാഹിം-റസിയ ദമ്പതികളുടെ ഇളയ മകനായ റഫാഹ് കുറ്റ്യാടി ഇബ്നുഖല്ദൂന് ഇന്സിറ്റിട്ട്യൂട്ടിലെ മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."