പാഠപുസ്തക അച്ചടി വൈകിപ്പിച്ചത് കെ.ബി.പി.എസ്; നടപടികളില്‍ വിദ്യാഭ്യാസ വകുപ്പിന് അതൃപ്തി
തിരുവനന്തപുരം: പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട് താമസം വരുത്തിയത് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെ.ബി.പി.എസ്) തന്നെയാണെന്നു തെളിയുന്നു. കെ.ബി.പി.എസിന്റെ ഭാഗത്തുനിന്നു മനപ്പൂര്‍വമുണ്ടായ കാലതാമസമാണ് കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗം ലഭിക്കുന്നതു വൈകുന്നതിലേക്ക് എത്തിച്ചത്.
രണ്ടാംഘട്ട പാഠപുസ്തകം അച്ചടിക്കുന്നതിനുള്ള ഉള്ളടക്കങ്ങള്‍ ജൂണ്‍ മാസത്തില്‍തന്നെ വിദ്യാഭ്യാസ വകുപ്പ് കെ.ബി.പി.എസിന് കൈമാറിയിരുന്നു. എന്നാല്‍, നടപടികള്‍ വൈകിപ്പിക്കുകയാണ് കെ.ബി.പി.എസ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ലഭിക്കാനുള്ള കുടിശ്ശികയുടെ പേരിലായിരുന്നു വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കിയുള്ള കെ.ബി.പി.എസിന്റെ ഈ നടപടി.
2010-11 അധ്യയനവര്‍ഷം മുതലുള്ള 75 കോടിയോളം രൂപ വിദ്യാഭ്യാസ വകുപ്പ് കെ.ബി.പി.എസിന് കൊടുക്കാനുണ്ട്. എന്നാല്‍, കെ.ബി.പി.എസിന് സാമ്പത്തിക പ്രയാസമില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം 28 കോടിയിലധികം രൂപയുടെ ലാഭമുണ്ടാക്കാനായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിനെ വെട്ടിലാക്കുന്ന നീക്കത്തിലേക്കെത്താന്‍ കെ.ബി.പി.എസിനെ പ്രേരിപ്പിച്ചത് സാമ്പത്തിക പ്രതിസന്ധിയല്ലെന്നും ഇതോടെ വ്യക്തമാകുകയാണ്.
ഇപ്പോഴത്തെ അച്ചടിയുടെ ചെലവായ 20 കോടി രൂപ അടുത്തമാസം അഞ്ചിനു മുന്‍പ് കൊടുത്തുതീര്‍ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശികയായ തുക സംബന്ധിച്ച് ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.
കഴിഞ്ഞ വര്‍ഷം അച്ചടിക്കായി ചെലവുവന്ന ഒന്‍പതര കോടി രൂപ അനുവദിക്കാന്‍ കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്തെ തുകയെല്ലാം കൊടുത്തുകഴിഞ്ഞാലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവിലെ 35 കോടി രൂപയോളം കെ.ബി.പി.എസിന് ലഭിക്കാനുണ്ട്.
ബില്ലുകള്‍ സമര്‍പ്പിച്ചതിലെ പോരായ്മയും മതിയായ പരിശോധനക്കുള്ള കാലതാമസവുമാണ് കുടിശ്ശിക കൂടുതലാകാന്‍ കാരണമായതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. അച്ചടി വിതരണ ചാര്‍ജ് ഇനത്തില്‍ കെ.ബി.പി.എസ് സമര്‍പ്പിച്ച ബില്ലുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ചട്ടപ്രകാരമുള്ള തുകയേക്കാള്‍ അധികം പലയിനങ്ങളിലും കെ.ബി.പി.എസ് ഈടാക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ ലഭ്യമാക്കേണ്ടുന്ന അവസാന ഘട്ടംവരെ പ്രശ്‌നങ്ങള്‍ നീട്ടിക്കൊണ്ടുപോയതില്‍ വിദ്യാഭ്യാസ വകുപ്പിന് അതൃപ്തിയുണ്ട്. കെ.ബി.പി.എസിന് ലഭിക്കാനുള്ള തുകയുടെ കാര്യത്തില്‍ ധനകാര്യവകുപ്പിന്റെ പരിശോധനയും അനുമതിയും ആവശ്യമാണ്. ഈ കണക്കുകളിലെ അവ്യക്തത തീരുന്നതോടെയായിരിക്കും കെ.ബി.പി.എസിന് ലഭിക്കാനുള്ള കുടിശ്ശികയുടെ കാര്യത്തില്‍ ധാരണയാകുന്നത്.
പാഠപുസ്തകം ഉള്‍പ്പെടെ തല്‍ക്കാലം അച്ചടി തുടരുന്നതിന് സര്‍ക്കാരില്‍നിന്നുതന്നെ കെ.ബി.പി.എസിന് ശക്തമായ നിര്‍ദേശവും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."