തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ മൂന്ന് ദിവസത്തേക്ക് ഈടാക്കിയിരുന്നത് 20,000 രൂപ
കൊച്ചി: ഹിന്ദുമതം വിട്ട് മറ്റു മതത്തില്‍ ചേര്‍ന്നവരെ കൗണ്‍സലിങ് നടത്തി തിരികെ കൊണ്ടുവരാന്‍ എന്ന പേരില്‍ തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തില്‍ മൂന്ന് ദിവസത്തേക്ക് ഈടാക്കിയിരുന്നത് 20,000 രൂപ.
മൂന്ന് ദിവസത്തിനുള്ളില്‍ ഹിന്ദുമതത്തിലേക്ക് മകനെയോ മകളെയോ തിരികെ എത്തിക്കാമെന്ന് ഉറപ്പുനല്‍കിയാണ് ഇപ്രകാരം പണം ഈടാക്കിയിരുന്നത്. എന്നാല്‍, മൂന്ന് ദിവസംകൊണ്ട് ഇവരെ തിരികെ ഹിന്ദുമതത്തിലേക്ക് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പിന്നീടുള്ള ഓരോ മൂന്ന് ദിവസത്തേക്കും 20,000 രൂപ നിരക്കില്‍ ഫീസ് ഈടാക്കുകയായിരുന്നു പതിവെന്ന് കേന്ദ്രത്തിനെതിരേ കഴിഞ്ഞദിവസം പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശിനി ഡോ. ശ്വേത ഹരിദാസ് സുപ്രഭാതത്തോട് പറഞ്ഞു. എന്റെ പിതാവിനോട് ആദ്യംഫോണിലൂടെ 15,000രൂപയാണ് ആവശ്യപ്പെട്ടത്. യോഗകേന്ദ്രത്തില്‍ നേരിട്ടെത്തിയപ്പോള്‍ 20,000 തരണമെന്നായി ആവശ്യം.
പണം സ്വീകരിച്ചതിനുതെളിവായി വിരലടയാളം പതിപ്പിച്ച രസീതാണ് നല്‍കിയത്. എന്റെ അമ്മയെയും രണ്ട് ദിവസം ഇവിടെ എനിക്ക് കൂട്ടായി പാര്‍പ്പിച്ചിരുന്നു. പക്ഷേ അമ്മയെ മുകളിലത്തെ നിലയിലെ മുറിയിലും എന്നെ താഴത്തെ നിലയിലെ മുറിയിലുമായിരുന്നു പാര്‍പ്പിച്ചിരുന്നത്- യുവതി പറഞ്ഞു.
ആദ്യം എന്നെ വീട്ടുകാര്‍ക്കൊപ്പം ഇരുത്തിയാണ് കൗണ്‍സലിങ് നടത്തിയത്. പിന്നീട് അമ്മയെയും എന്നെയും ഒപ്പം ഇരുത്തിയായിരുന്നു കൗണ്‍സലിങ്. ക്രിസ്തുമതത്തില്‍പ്പെട്ട എന്റെ ഭര്‍ത്താവിനെ ഉപേക്ഷിക്കണമെന്നും ഇല്ലെങ്കില്‍ ഭര്‍ത്താവിനെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഞാന്‍ വഴങ്ങാതിരുന്നപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് പാട്ട് ഉറക്കെവച്ച് എന്നെ അഞ്ച് പുരുഷന്മാരുള്‍പ്പെടെ 15 പേര്‍ ചേര്‍ന്ന് മര്‍ദിച്ചു.
കൈയും കാലും കെട്ടിയിട്ട് വായില്‍ തുണി തിരുകിയായിരുന്നു മര്‍ദനം. യോഗ സെന്ററില്‍ ഇത്തരത്തില്‍ ഉണ്ടായിരുന്ന മറ്റു കുട്ടികളെ തന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ താഴത്തെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
തന്നെ തുടര്‍ച്ചയായി മര്‍ദിക്കുന്ന വിവരം ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മ ഇത് യോഗ സെന്റര്‍ നടത്തിപ്പുകാരോട് ചോദിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ തന്നെയേ മകളെ ശരിയാക്കി എടുക്കാന്‍ കഴിയൂ എന്നായിരുന്നത്രെ അവരുടെ മറുപടി.
പിറ്റേദിവസം മുതല്‍ മര്‍ദിക്കുമ്പോഴുള്ള തന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ അമ്മയുടെ മുറിയിലും ഉറക്കെ പാട്ട് വച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്മയെ അവര്‍ നിര്‍ബന്ധിച്ചു മടക്കി അയയ്ക്കുകയും ചെയ്തു. മകളെ 'നന്നാക്കി' എടുത്തതിനുശേഷം തിരികെ എത്തിക്കാം എന്നു പറഞ്ഞായിരുന്നു അമ്മയെ തിരിച്ചയച്ചത്. യോഗ കേന്ദ്രം എന്നാണ് പേരെങ്കിലും യോഗ പഠിപ്പിക്കുന്നതിനുള്ള പരിശീലകര്‍ ഒന്നും അവിടെയുണ്ടായിരുന്നില്ല.
പുലര്‍ച്ചെ നാലിന് എല്ലാവരെയും വിളിച്ചുണര്‍ത്തും. എഴുന്നേല്‍ക്കാത്തവരുടെ ചെവിയില്‍ വെള്ളം ഒഴിക്കല്‍ പോലുള്ള പരിപാടികളും ഉണ്ടായിരുന്നു. രാത്രി അവര്‍ പറയുന്ന സമയത്ത് ഉറങ്ങണം. ഇല്ലെങ്കില്‍ അതിനുമുണ്ടായിരുന്നു മര്‍ദനം.
താന്‍ അവര്‍ പറഞ്ഞതുപോലെ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായും പൂര്‍ണമായും ഹിന്ദുമതത്തിലേക്ക് തിരികെ വന്നതായും അവരെ വിശ്വസിപ്പിച്ചതിനെതുടര്‍ന്നാണ് 22 ദിവസങ്ങള്‍ക്ക് ശേഷം അവിടന്ന് മോചനം ലഭിച്ചതെന്നും ശ്വേത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."