കാര്‍ത്തി ചിദംബരത്തിന്റെ ഒരുകോടിയുടെ ആസ്തി കണ്ടുകെട്ടി
ന്യൂഡല്‍ഹി: വിവാദമായ എയര്‍സെല്‍- മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ പേരിലുള്ള 1.16 കോടി രൂപ വിലവരുന്ന ആസ്തി കണ്ടുകെട്ടി.
കാര്‍ത്തിയുടെ 90 ലക്ഷം രൂപയും കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 26 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയത്. സാമ്പത്തികകുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേതാണ്(ഇ.ഡി) നടപടി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കാര്‍ത്തിക്കെതിരേ സി.ബി.ഐ തെരച്ചില്നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ സ്വത്തുവകകള്‍ വില്‍ക്കാനും ചില ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനും കാര്‍ത്തി ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു.
2008ല്‍ മന്മോഹന് സിങ് മന്ത്രിസഭയില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് വഴി ഐ.എന്‍.എക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപം ലഭ്യമാക്കാന്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നതാണ് കാര്‍ത്തിക്കെതിരായ ആരോപണം. കേസില്‍ ചിദബംരവും ആരോപണവിധേയനാണ്. 600 കോടി രൂപയ്ക്കുമുകളിലുള്ള വിദേശഇടപാടുകള്‍ മന്ത്രിസഭാ ഉപസമിതിയുടെ അനുമതിയോടെ മാത്രമെ പാടുള്ളൂ.
എന്നാല്‍, 800 കോടി രൂപവരുന്ന ഈ ഇടപാടിന് സ്വന്തം നിലയ്ക്ക് അംഗീകാരം നല്‍കിയെന്നാണ് ചിദംബരത്തിനെതിരായ ആരോപണം. വിദേശനിക്ഷേപങ്ങള്‍ക്ക് അനുമതി നല്കുന്ന സമിതിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു ചിദംബരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."