എസ്.എം കൃഷ്ണയുടെ മരുമകന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്;650 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി
ബംഗളൂരു: മുന്‍ കേന്ദ്ര മന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം. കൃഷ്ണയുടെ മരുമകന് വി.ജി. സിദ്ധാര്‍ഥയുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 650 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി.
കഴിഞ്ഞ വ്യാഴാഴ്ച കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയത്. കണ്ടെത്തിയ സ്വത്തുക്കളുടെ മൂല്യം 650 കോടി വരുമെന്നാണ് കണക്ക്.
കഴിഞ്ഞ വ്യാഴാഴ്ച സിദ്ധാര്‍ഥയുടെ കഫേ കോഫി ഡേ സ്ഥാപനങ്ങളിലും എസ്റ്റേറ്റുകളിലുമാണ് ആദ്യം റെയ്ഡ് നടന്നത്. പിന്നീട് 25 കഫേ കോഫി ഡേ സ്ഥാപനങ്ങളിലും കര്‍ണ്ണാടക, മുംബൈ, ചെന്നൈ, ചിക്ക്മംഗളൂരു എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. സിദ്ധാര്‍ഥയുടെ ബിസിനസ് ഗ്രൂപ്പ് നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള കാപ്പി, വിനോദ സഞ്ചാരം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ വിവരങ്ങളാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്. നിയമലംഘനം നടത്തിയതിനു തെളിവായി നിരവധി രേഖകളും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ആദായനികുതി റെയ്ഡിനെക്കുറിച്ച് എസ്.എം കൃഷ്ണയോ മരുമകന് സിദ്ധാര്ഥയോ പ്രതികരിച്ചിട്ടില്ല. മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ ഈ വര്‍ഷമാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.
വി.ജി. സിദ്ധാര്‍ഥ് കോഫി ബിസിനസ് രംഗത്തെ പ്രമുഖനാണ്. കഫേകളും, കഫേ കോഫി ഡേ സ്ഥാപനങ്ങളും അടക്കം ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള പല പ്രമുഖ ബിസിനസ് സംരഭങ്ങളിലും ഇദ്ദേഹം പങ്കാളിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."