കുര്‍ദിസ്താനില്‍ ജനഹിത വോട്ടെടുപ്പ് നടന്നു
ബഗ്ദാദ്: കുര്‍ദുകള്‍ക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യത്തിനായുള്ള ഹിതപരിശോധന നടന്നു. കുര്‍ദുകളുടെ നേതൃത്വത്തിലുള്ള പ്രത്യേക സര്‍ക്കാരിന്റെ കീഴില്‍ വടക്കന്‍ ഇറാഖിലാണ് ഹിതപരിശോധന നടന്നത്.
ഹിതപരിശോധന നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രങ്ങളും ഇറാഖ് സര്‍ക്കാരും രംഗത്തെത്തിയിരുന്നെങ്കിലും ഇതൊക്കെ അവഗണിച്ചാണ് ഹിതപരിശോധന നടന്നത്. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച തെരഞ്ഞെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ഹിതപരിശോധനയുടെ ഫലം മൂന്നുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. 2,065 പോളിങ് സ്റ്റേഷനുകളിലായി 5.6 മില്യന്‍ ജനങ്ങള്‍ ഹിതപരിശോധനയില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു.
കുര്‍ദുകള്‍ക്ക് മാത്രമായി പ്രത്യേക രാഷ്ട്രം ആവശ്യമുണ്ടോയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വോട്ടര്‍മാര്‍ നല്‍കേണ്ടത്. കുര്‍ദ് പ്രദേശത്തെ കുര്‍ദുകളും അല്ലാത്തവരുമായ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഹിതപരിശോധനയില്‍ പങ്കെടുക്കാനുള്ള അവസരം.
ഹിതപരിശോധനയെ ഇറാഖി സര്‍ക്കാരും സമീപ രാജ്യങ്ങളായ തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളും ഭയത്തോടെയാണ് വീക്ഷിക്കുന്നത്. ഈ രാജ്യങ്ങളിലെ കുര്‍ദുകളും സമാന ആവശ്യവുമായി രംഗത്തെത്തുമോയെന്ന ഭയമാണ് ഇതിനുപിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."