പാക്കോയി റോഡ് വീണ്ടും തകര്‍ന്നു; പരാതിയുമായി ജനം പഞ്ചായത്തില്‍
വാണിമേല്‍: മൂന്ന് വര്‍ഷം മുന്‍പ് പരിഷ്കരിച്ച ഭൂമിവാതുക്കല്‍ പാക്കോയി റോഡ് വീണ്ടും തകര്‍ന്നു. നാട്ടുകാരുടെ നിരന്തരമായ മുറവിളിക്കു ശേഷം ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ് പതിനഞ്ച് ലക്ഷം രൂപ ചെലവില്‍ റോഡ് പരിഷ്കരിച്ചത്.
ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥലമുടമകളില്‍ നിന്ന് സമ്മതം വാങ്ങി ആറ് മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്ത റോഡ് നരിപ്പറ്റ വാണിമേല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ ഒന്നാണ്.ഭൂമിവാതുക്കല്‍ മുതല്‍ കുറ്റിയില്‍പീടിക വരെ വീതി കൂട്ടി ടാര്‍ ചെയ്തെങ്കിലും തുടര്‍ന്നുള്ള നൂറ് മീറ്റര്‍ ഭാഗം ഒന്നും ചെയ്തില്ല. ചില സ്ഥലമുടമകളുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു ശേഷമാണ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത്.
പൊതുമരാമത്തു ഏറ്റെടുത്തെങ്കിലും ഫണ്ടുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് എന്ന നിലയിലാണ് പൊതുമരാമത്തിനെ കൊണ്ട് ഏറ്റെടുപ്പിച്ചതെങ്കിലും എസ്റ്റിമേറ്റ് തയാറാക്കാനെത്തിയപ്പോള്‍ റോഡ് വേറെ വഴിക്കു തിരിച്ചു വിടാനുള്ള നീക്കം ചിലര്‍ നടത്തുന്നതായും പരാതിയുണ്ട്. പൊതുമരാമത്ത് റോഡ് ആയതുകൊണ്ട് തന്നെ പഞ്ചായത്തിന് പ്രത്യേകിച്ച് ഫണ്ട് ചെലവാക്കാനോ അറ്റകുറ്റ പണി നടത്താനോ കഴിയുന്നില്ല.
കാല്‍നട യാത്ര പോലും ദുസഹമായ റോഡിനു താല്‍ക്കാലികമായി ക്വാറി വേസ്റ്റെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ ഒന്നടങ്കം പഞ്ചായത്ത് ഓഫിസില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."