കുണ്ടായിത്തോട് മേഖലയില്‍ പിടിമുറുക്കി മയക്കുമരുന്ന് ലോബി
ഫറോക്ക്: കുണ്ടായിത്തോട് സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പരിസരം മയക്കുമരുന്നു ലോബിയുടെ താവളമാകുന്നു. സ്‌കൂള്‍ മതില്‍കെട്ടിനോട് ചേര്‍ന്നുള്ള നടപ്പാതയും മുഖ്യകവാടത്തോട് ചേര്‍ന്നുള്ള റെയില്‍പാതയോരവുമെല്ലാം രാപ്പകല്‍ വ്യത്യാസമില്ലാതെ മയക്കുമരുന്ന് ലോബികള്‍ വിഹാരകേന്ദ്രമാക്കിയിരിക്കയാണ്.
രാത്രിസമയത്ത് വിജനമായ സ്‌കൂള്‍ പരിസരത്തേക്കു ദൂരദിക്കുകളില്‍ നിന്നുപോലും ആവശ്യക്കാരെത്തുന്നുണ്ടെന്നാണ് വിവരം. പകല്‍ സ്‌കൂള്‍ പ്രവൃത്തി സമയത്തും മയക്കുമരുന്ന് വില്‍പനയും ഉപയോഗവും നിത്യകാഴ്ചയായതോടെ സമീപവാസികള്‍ ഇടപെട്ടെങ്കിലും നാട്ടുകാരെ വെല്ലുവിളിച്ചാണ് ഇവരുടെ നീക്കങ്ങള്‍.
2000ത്തോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരം മയക്കുമരുന്ന് ലോബിയുടെ താവളമാക്കിയതിനെതിരേ ഡി.വൈ.എഫ്.ഐ നല്ലളം പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി പത്തരയോടെ മേഖലയില്‍നിന്ന് ഏതാനും പേരെ പൊലിസ് പിടികൂടി. കഞ്ചാവിന് പുറമെ വീര്യമേറിയ വിവിധയിനം മയക്കുമരുന്നുകള്‍ ഇവിടെ സുലഭമാണെന്നാണു വിവരം.
വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളും ഇതരസംസ്ഥാന തൊഴിലാളികളും പതിവുകാരാണെന്നാണ് അറിയുന്നത്. അതേസമയം പരിസരപ്രദേശത്തുകാരായ ചിലരുടെ ഒത്താശയോടെയാണ് മയക്കുമരുന്ന് വില്‍പന സംഘം കുണ്ടായിത്തോട് താവളക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."