അഴിമതി: ഷിനവത്രയ്ക്ക് അഞ്ചുവര്‍ഷം തടവ്
ബാങ്കോക്ക്: ധാന്യങ്ങള്‍ക്കുള്ള സബ്സിഡി അഴിമതിയില്‍ വിചാരണ നേരിടുന്ന മുന്‍ പ്രധാനമന്ത്രി യിങ്ലുക്ക് ഷിനവത്ര കുറ്റക്കാരിയാണെന്ന് തായ്ലന്ഡ് സുപ്രിം കോടതി. കേസില്‍ ഷിനവത്രയ്ക്ക് അഞ്ചുവര്‍ഷം തടവ് കോടതി വിധിച്ചു. ഷിനവത്രയുടെ അസാന്നിധ്യത്തിലായിരുന്നു ശിക്ഷ വിധിച്ചത്. ശിക്ഷയില്‍നിന്ന് ഷിനവത്രയെ ഒഴിവാക്കില്ലെന്നും വിധി പുനഃപ്പരിശോധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
സുപ്രിം കോടതിയിലെ ഒന്‍പതു ജഡ്ജിമാര്‍ നാലു മണിക്കൂറോളമെടുത്താണ് വിധി പ്രസ്താവിച്ചത്. തായ്ലന്ഡിലെ നിയമപ്രകാരം ഭരണതലത്തിലുള്ള ഇത്തരം അഴിമതികളില്‍ പരമാവധി പത്തുവര്‍ഷം തടവ് വരെ ലഭിക്കാം. അതേസമയം ഷിനവത്രയുടെ ശിക്ഷാ കാലാവധി അഞ്ചുവര്ഷമാക്കിയതെന്തു കൊണ്ടാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. അഴിമതിയില്‍ ഷിനവത്ര നേരിട്ട് സാമ്പത്തിക ലാഭമുണ്ടാക്കിയതായി സൂചനയില്ല. പക്ഷേ അഴിമതിക്ക് കൂട്ടുനിന്നെന്ന് കോടതി മുന്പില് തെളിയിക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്.
വിധി പ്രസ്താവിക്കുമ്പോള്‍ ഷിനവത്ര കോടതിയിലെത്താതിരുന്നത് വിധി തിരിച്ചടിയാവുമെന്ന് അറിയാവുന്നതു കൊണ്ടാണെന്നാണ് സൂചന. അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ ഒരു മാസത്തിലധികമായി വിദേശ രാജ്യങ്ങളില്‍ ഒളിവിലാണ്. നേരത്തെ പ്രധാനമന്ത്രി പ്രയുഥ് ചാന്-ഓച്ച ഷിനവത്ര ഏത് രാജ്യത്താണ് ഒളിവില്‍ കഴിയുന്നതെന്ന് തനിക്കറിയാമെന്ന് പറഞ്ഞിരുന്നു.
2014ല്‍ ഷിനവത്രയുടെ സര്‍ക്കാര്‍ അഴിമതിയെ തുടര്‍ന്ന് ഭരണത്തില്‍ നിന്ന് പുറത്തായിരുന്നു. തുടര്‍ന്ന് അവര്‍ ജയിലിലായി. സബ്സിഡി തുക ബന്ധുക്കള്‍ക്ക് കൈമാറിയതിനെ തുടര്‍ന്ന് എട്ടു ബില്യണ്‍ രാജ്യത്തിന് നഷ്ടമായെന്നാണ് അവര്‍ക്കെതിരായ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."