യുവതികളുടെ മര്‍ദനം ടാക്‌സി ഡ്രൈവര്‍ക്കെതിരേ കേസെടുക്കാനുള്ള സാഹചര്യം വ്യക്തമാക്കണം: ഹൈക്കോടതി
കൊച്ചി: യുവതികളുടെ മര്‍ദനമേറ്റ യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാനുണ്ടായ സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ടാക്‌സി ഡ്രൈവര്‍ എറണാകുളം കുമ്പളം സ്വദേശി ടി.ഐ ഷെഫീഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം. ചൊവ്വാഴ്ച വരെ ഷെഫീക്കിന്റെ അറസ്റ്റ് തടഞ്ഞിട്ടുമുണ്ട്. ഇന്നലെ ഹരജി പരിഗണിക്കുമ്പോള്‍ യുവതികളുടെ പരാതിയിലാണോ അതോ സ്ത്രീകള്‍ ഉള്‍പ്പെട്ട കേസായതിനാലാണോ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തതെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. സ്ത്രീകള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇവരിലൊരാള്‍ ജുവലറി ഉടമയെ തേന്‍കെണിയില്‍ കുടുക്കിയ കേസിലുള്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു. തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചത്. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
സെപ്റ്റംബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം. യൂബറിന്റെ പൂള്‍ ടാക്‌സി സംവിധാനത്തില്‍ തൃപ്പൂണിത്തുറയിലേക്ക് യാത്ര ബുക്ക് ചെയ്ത യുവതികള്‍ കാറില്‍ മറ്റൊരു യാത്രക്കാരനെ കയറ്റിയതു ചോദ്യം ചെയ്ത് മര്‍ദിക്കുകയാണുണ്ടായതെന്ന് ഷെഫീഖ് പറയുന്നു. കല്ലു കൊണ്ട് ആക്രമിച്ചെന്നും പൊതുസ്ഥലത്തു വച്ച് വസ്ത്രാക്ഷേപം നടത്തി അപമാനിച്ചെന്നുമാണ് ഷെഫീഖിന്റെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."