ഷാര്‍ജയില്‍ നിന്ന് 149 തടവുകാര്‍ മോചിതരായി
ഷാര്‍ജ: ഷാര്‍ജയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളികള്‍ അടക്കമുള്ള 149 ഇന്ത്യന്‍ തടവുകാര്‍ മോചിതരായി. കഴിഞ്ഞദിവസം കേരളാ സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ ഉറപ്പിന്‍മേലാണ് നടപടി.
ചെറിയ സാമ്പത്തിക കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിഞ്ഞിരുന്നവരാണ് ഇപ്പോള്‍ മോചിതരായിരിക്കുന്നത്.
മോചിതരായവരില്‍ കൂടുതലും മലയാളികളാണ്. എത്ര പേര്‍ മലയാളികളുണ്ടെന്ന് ഷാര്‍ജ പൊലിസ് വ്യക്തമാക്കിയിട്ടില്ല. 60 വയസ്സുള്ള മൂന്നുപേരും മോചിതരായവരിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന മാനിച്ചാണ് ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് മൂന്നുവര്‍ഷമായി ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ പേരെയും മോചിപ്പിക്കുമെന്ന് ശൈഖ് സുല്‍ത്താന്‍ പ്രഖ്യാപിച്ചത്.
കേരളീയര്‍ മാത്രമല്ല , ഗുരുതര ക്രിമിനല്‍ കേസുകളില്‍ പെടാത്ത മുഴുവന്‍ വിദേശീയരേയും ജയിലുകളില്‍നിന്നു മോചിപ്പിക്കുകയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ സുല്‍ത്താന്‍ പ്രഖ്യാപിച്ചു. മോചിതരാകുന്നവര്‍ക്ക് വേണമെങ്കില്‍ ഷാര്‍ജയില്‍ തൊഴില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജയിലുകളിലുള്ളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് താന്‍ അഭ്യര്‍ഥിച്ചത്. എന്നാല്‍ 'എന്തിന് അവര്‍ നാട്ടില്‍ പോകണം അവര്‍ ഷാര്‍ജയില്‍ തന്നെ നില്‍ക്കട്ടെ. അവര്‍ക്ക് നല്ല ജോലി നല്‍കും' എന്നാണ് സുല്‍ത്താന്‍ തന്നോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇക്കാര്യം പിന്നീട് തന്റെ മറുപടി പ്രസംഗത്തില്‍ ശൈഖ് സുല്‍ത്താനും സ്ഥിരീകരിച്ചു. രണ്ടു കോടി യു.എ.ഇ. ദിര്‍ഹത്തിന്റെ (35.58 കോടി ഇന്ത്യന്‍ രൂപ) സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടവരെയാണ് ഇതിലൂടെ നിരുപാധികം വിട്ടയക്കുന്നതെന്ന് ശൈഖ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."