രണ്ട് നവനാസി പ്രസ്ഥാനങ്ങളെ നിരോധിച്ചു
ലണ്ടന്‍: തീവ്ര വലതുപക്ഷ സംഘടനകളായ സ്‌കോട്ടിഷ് ഡൗണ്‍, എന്‍.എസ് 131 എന്നീ സംഘടനകളെ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചു. രാജ്യത്ത് ആദ്യമായി നിരോധിക്കപ്പെട്ട നവനാസി പ്രസ്ഥാനമായ നാഷനല്‍ ആക്ഷനുമായി ഈ സംഘടനകള്‍ക്കുള്ള ബന്ധം കാണിച്ചാണു നിരോധനം.
കടുത്ത വംശീയത പ്രചരിപ്പിക്കുന്ന നാഷനല്‍ ആക്ഷന്‍ വ്യത്യസ്ത പേരുകളില്‍ മുഖംമൂടി ധരിച്ചുനടക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും നിരോധനം പ്രഖ്യാപിച്ച് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് അറിയിച്ചു.
വിഷം നിറഞ്ഞ ഒരു ആശയധാരയുടെ വ്യാപനവും അംഗത്വവളര്‍ച്ചയും തടയാനാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ജനങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കെടുതികളില്‍നിന്നു രക്ഷിക്കാന്‍ അത് ആവശ്യമാണ്-അവര്‍ പറഞ്ഞു.
നിരോധനം ഇന്ന് പ്രാബല്യത്തില്‍ വരും. ഇതോടെ സംഘടനകളുടെ അംഗങ്ങളാകുന്നതും അവയ്ക്കുവേണ്ടി പിന്തുണ തേടുന്നതും പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാകും.
സര്‍ക്കാര്‍ നടപടിയെ ബ്രിട്ടീഷ് ഭീകരവാദവിരുദ്ധ സ്‌ക്വാഡ് മേധാവി മാര്‍ക്ക് റൗളി അഭിനന്ദിച്ചു. നാഷനല്‍ ആക്ഷനുമായി ബന്ധമുള്ള 11 പേരെ ബുധനാഴ്ച ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."