ഉ.കൊറിയന്‍ കമ്പനികള്‍ അടച്ചുപൂട്ടാന്‍ ചൈന
ബെയ്ജിങ്: ചൈനയില്‍ ഉത്തര കൊറിയന്‍ കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. അടുത്ത ജനുവരിയ്ക്കു മുന്‍പായി അടച്ചുപൂട്ടാന്‍ ചൈനീസ് സര്‍ക്കാര്‍ ഉ.കൊറിയക്കാരുടെ നിയന്ത്രണത്തിലുള്ള കമ്പനി അധികൃതരോട് ഉത്തരവിട്ടു. രാജ്യത്തിന്റെ ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരേ യു.എന്‍ ചുമത്തിയ ഉപരോധങ്ങളുടെ ഭാഗമായാണ് ഉ.കൊറിയയുടെ സഖ്യരാജ്യം കൂടിയായ ചൈനയുടെ നടപടി.
ചൈനീസ് വാണിജ്യ മന്ത്രാലയമാണ് ഇന്നലെ ഉ.കൊറിയന്‍ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ ഔദ്യോഗികമായ നിര്‍ദേശം നല്‍കിയത്. ചൈനീസ് കമ്പനികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. കഴിഞ്ഞ 11നാണ് ഉ.കൊറിയയ്‌ക്കെതിരേ ഐക്യരാഷ്ട്രസഭ ഉപരോധം ശക്തമാക്കിയത്. അന്നുമുതല്‍ 120 ദിവസത്തെ കാലാവധിയാണ് ചൈനീസ് സര്‍ക്കാര്‍ കമ്പനികള്‍ക്കു നല്‍കിയിരിക്കുന്നത്.
പ്രധാന വ്യാപാര സഖ്യരാജ്യമായ ചൈനയുടെ പുതിയ നിലപാട് ഉ.കൊറിയയെ വെട്ടിലാക്കുന്നതാണ്. ഉ.കൊറിയയെ അടക്കിനിര്‍ത്തണമെന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ നിരന്തര ആവശ്യത്തെ ചൈന തുടക്കത്തില്‍ മുഖവിലക്കെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."