പൊതു സോഫ്റ്റ്‌വെയര്‍: സഹകരണ സംഘം രജിസ്ട്രാറുടെ അവകാശവാദം പൊളിയുന്നു
തൊടുപുഴ: സഹകരണ വകുപ്പില്‍ അക്കൗണ്ടിങിന് പൊതു സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തി നടപ്പാക്കിയ പൈലറ്റ് പദ്ധതി വിജയമാണെന്ന സഹകരണ സംഘം രജിസ്ട്രാറുടെ അവകാശവാദം പൊളിയുന്നു. പൈലറ്റ് പദ്ധതി ആദ്യഘട്ടമായി ഇടുക്കി ജില്ലയിലെ 41 സഹകരണ ബാങ്കുകളുടെ 200 ശാഖകളിലാണ് നടപ്പാക്കിയത്.
എന്നാല്‍ ഒരിടത്തുപോലും പുതിയ സോഫ്റ്റ്‌വെയറായ നെലീറ്റോയുടെ ഫിന്‍ക്രാഫ്റ്റ് ഉപയോഗിച്ച് അക്കൗണ്ടിങ് പൂര്‍ത്തിയാക്കി ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാന്‍ കഴിഞ്ഞിട്ടില്ല.
12 ഓളം സംഘങ്ങളില്‍ പൊതു സോഫ്റ്റ്‌വെയര്‍ പ്രകാരമുള്ള അക്കൗണ്ടിങിന് ശേഷം ഓഡിറ്റിങ് പൂര്‍ത്തിയാക്കിയതായി സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദം ശരിയല്ലെന്നും ഒരു ബാങ്കിലും ഇത്തരത്തില്‍ ഓഡിറ്റ് നടന്നിട്ടില്ലെന്നും സഹകരണ സംഘം അസി. ഡയറക്ടര്‍മാര്‍ പറയുന്നു.
വെബ് ബേസ്ഡ് അല്ലാത്ത ഒരു സോഫ്റ്റ്‌വെയര്‍ കോര്‍ ബാങ്കിങ്ങിനുവേണ്ടി ഉപയോഗിക്കുമ്പോള്‍ തന്നെ അത് പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നിട്ടും ഇത് ഉപയോഗിച്ചതാണ് ദുരൂഹത ഉയര്‍ത്തുന്നത്.
ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അക്കൗണ്ടിങ് നടത്തിയ സഹകരണ ബാങ്കുകളില്‍ ഇപ്പോള്‍ കാല്‍ക്കുലേറ്ററും രജിസ്റ്റര്‍ ബുക്കുകളും എഴുത്തുകുത്തുമാണ് ഉദ്യോഗസ്ഥരുടെ ആശ്രയം.
പൊതുയോഗത്തിന് മുന്‍പ് ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനായി ഉറക്കമൊഴിച്ച് കൈയെഴുത്ത് അക്കൗണ്ടുകള്‍ തയാറാക്കുകയാണ് ഇപ്പോള്‍. സോഫ്റ്റ്‌വെയറില്‍ ഡാറ്റ ലഭിക്കാത്തതിനാല്‍ ഒരു ബാങ്കിലും അംഗങ്ങള്‍ക്ക് ഡിവിഡന്റ് നല്‍കാനും സാധിച്ചിട്ടില്ല.
പത്തനംതിട്ടയില്‍ ചേര്‍ന്ന കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തില്‍ ഈ സോഫ്റ്റ്‌വെയര്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രമേയം പാസാക്കിയിരുന്നു. സി.പി.എം. അനുകൂല സംഘടനയായ കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയന്റേയും കോണ്‍ഗ്രസ് അനുകൂല സംഘടനയായ കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റേയും 91 പ്രതിനിധികള്‍ പങ്കെടുത്ത സംയുക്ത യോഗത്തില്‍ ഈ സോഫ്റ്റ്‌വെയറിന്റെ 67 ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇരുസംഘടനകളുടേയും സംസ്ഥാന സെക്രട്ടറിമാര്‍ ജൂലൈ 25ന് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ സന്ദര്‍ശിച്ച് ആശങ്കയറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പങ്കെടുത്ത സഹകരണ വകുപ്പ് ഓഡിറ്റര്‍മാര്‍ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കുകയാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."