കോണ്‍ഗ്രസ്സ് ശക്തമായി തിരിച്ചു വരും: എം.ഐ.ഷാനവാസ് എം.പി
ദോഹ: 2019 ല്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ശക്തമായി തിരിച്ചു വരവ് നടത്തുമെന്ന് കോണ്‍ഗ്രസ്സ് നേതാവും വയനാട് എം.പിയുമായ എം.ഐ. ഷാനവാസ് അഭിപ്രായപ്പെട്ടു. ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുവാന്‍ നരേന്ദ്രമോദി ഗവണ്‍മെന്റിന് കഴിയുന്നില്ല. നോട്ടു നിരോധന കാലത്ത് പ്രധാനമന്ത്രി പറഞ്ഞ കണക്കുകള്‍ എല്ലാം തന്നെ ശുദ്ധ അസംബന്ധമായിരുന്നു എന്നും ഇന്ത്യ സാമ്പത്തിക വളര്‍ച്ച നേടിയില്ല എന്നു മാത്രമല്ല, വലിയ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകം അംഗീകരിക്കുന്ന, ഇന്ത്യ കണ്ട ഏറ്റവും നല്ല സാമ്പത്തിക വിദഗ്ദരില്‍ ഒരാളായ മുന്‍ പ്രധാന മന്ത്രി ശ്രീ. മന്‍മോഹന്‍ സിംഗ് അന്നു പറഞ്ഞതുപോലെ നോട്ടു നിരോധനം ഒരു ചരിത്രപരമായ മണ്ടത്തരമാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. തിരക്കുപിടിച്ച് ജി.എസ്.ടി നടപ്പിലാക്കിയതും കൃത്യമായ പഠനം നടത്താതെ നോട്ടു നിരോധനം കൊണ്ടുവന്നതും ഇന്ത്യയുടെ സമ്പദ്ഘടനയെ പിന്നോട്ടടിച്ചിരിക്കുകയാണ്. അയല്‍ രാജ്യങ്ങള്‍ ഒക്കെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമ്പോള്‍ ഇന്ത്യയെപ്പോലെ സാമ്പത്തിക നിലയില്‍ ശക്തമായി നിലനിന്നിരുന്ന രാജ്യം പുറകോട്ട് പോകുന്നത് ലോക രാഷട്രങ്ങള്‍ ഗൗരവപൂര്‍വ്വം ഉറ്റുനോക്കുകയാണ്.
ശ്രീ. ഉമ്മന്‍ ചാണ്ടി തുടങ്ങി വച്ച പദ്ധതികള്‍ സമയബന്ധിതമായി യു.ഡി.എഫ് ഗവണ്‍മെന്റ് മുന്നോട്ട് കൊണ്ടുപോയി പൂര്‍ത്തീകരിച്ചതുകൊണ്ട്, കേരളാ മുഖ മന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനങ്ങള്‍ നടത്തി അവശനായിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇതു തന്നെയാണ് നരേന്ദ്ര മോദി ചെയ്യുന്നതും, യു.പി.എ ഗവണ്‍മെന്റിന്റെ കാലത്തെ വികസനങ്ങളുടെ പിതൃത്വം ഏറ്റെടുക്കുകയാണ്.
ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡണ്ട് കെ.വി.ബോബന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ. കെ.ആര്‍. ഗിരീഷ് കുമാര്‍, ഡേവിസ്സ് ഇടശ്ശേരി, ഷെമീര്‍ പൊന്നൂരാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.രാധാകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ വി.എസ്. അബ്ദുള്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.
യോഗത്തില്‍ വയനാട് ജില്ലയില്‍ നിന്നുമുള്ള ഇന്‍കാസ് പ്രവര്‍ത്തകരുടെ മെംബര്‍ഷിപ്പ് കാംപയിന്റെ ഉദ്ഘാടനവും എം.ഐ. ഷാനവാസ് എം.പി. നിര്‍വ്വഹിച്ചു.
ഇന്‍കാസ് നേതാക്കളായ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, കെ.കെ. ഉസ്മാന്‍, കരീം അബ്ദുള്ള, സിദ്ധീഖ് പുറായില്‍, ടി.എച്ച്. നാരായണന്‍, ഷാജി തേന്‍മഠം, ഏ. പി. മണികണ്ഠന്‍, കേശവദാസ്, നാസര്‍ കറുകപ്പാടം, ഹഫീസ് മുഹമ്മദ്, ഹന്‍സ് രാജ്, ഹൈദര്‍ ചുങ്കത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."