ക്ഷേത്ര വഴിപാട്: കടകംപള്ളിക്കെതിരേ നടപടിയില്ല
തിരുവനന്തപുരം: അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച് വഴിപാട് നടത്തിയ സംഭവത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ നടപടി വേണ്ടെന്ന് സി.പി.എം തീരുമാനം. എന്നാല്‍, വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മന്ത്രിക്കെതിരേ രൂക്ഷമയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇക്കാര്യത്തില്‍ മന്ത്രി ജാഗ്രത പുലര്‍ത്തിയില്ലെന്ന് കമ്മിറ്റി വിലയിരുത്തി.
ക്ഷേത്ര സന്ദര്‍ശന വിവാദം യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് വിമര്‍ശനമുയര്‍ന്നത്. ഈ വിഷയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഉള്‍പെടെയായിരുന്നു റിപ്പോര്‍ട്ട്. മന്ത്രിയുടെ ക്ഷേത്രദര്‍ശനവും വഴിപാടും പാര്‍ട്ടിക്കകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയെന്ന് കോടിയേരി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഈ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനു ബി.ജെ.പിയും സംഘ് പരിവാറും ശ്രമിച്ചു. ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് ഈ സംഭവം എത്തി. ഇതു പാര്‍ട്ടിക്കു ദോഷമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടിയുടെ ആദര്‍ശങ്ങളില്‍നിന്ന് നേതാക്കള്‍ വ്യതിചലിക്കുന്നു എന്ന തോന്നലുണ്ടാക്കാന്‍ ഈ സംഭവം കാരണമായി. പാര്‍ട്ടി നേതാക്കള്‍ മുമ്പും ദേവസ്വം വകുപ്പു കൈകാര്യം ചെയ്തിട്ടുണ്ട്. അവരെ മാതൃകയാക്കുകയാണ് വേണ്ടത്. വകുപ്പു മന്ത്രിയെന്ന നിലയില്‍ ക്ഷേത്രത്തില്‍ പോകേണ്ടി വരും. എന്നാല്‍, അവിടത്തെ ആചാരങ്ങളില്‍ പങ്കാളിയാകുന്നത് പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്കെതിരാണെന്നും ഭാവിയില്‍ ഇത്തരം നടപടികള്‍ ഉണ്ടാകരുതെന്നും അവര്‍ പറഞ്ഞു.
ദേവസ്വം മന്ത്രിയെന്ന നിലയില്‍ ക്ഷേത്രം അധികൃതരുടെ നിര്‍ദേശം സ്വീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് കടകംപള്ളി വിശദീകരിച്ചു. ബോധപൂര്‍വം ഒരു തെറ്റും ചെയ്തിട്ടില്ല. ക്ഷേത്രത്തില്‍ വഴിപാട് നടന്നത് തന്റെ അറിവോടെയല്ല. ഏതായാലും ഇക്കാര്യത്തില്‍ തനിക്കു ജാഗ്രതക്കുറവു സംഭവിച്ചതായി അംഗീകരിക്കുന്നതായും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കടകംപള്ളിക്കെതിരേ നടപടി വേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."