വിമുക്ത ഭടനോട് പൗരത്വം തെളിയിക്കാന്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ നിര്‍ദേശം
ഗുവാഹത്തി:ഇന്ത്യന്‍ സൈന്യത്തില്‍ 30 വര്‍ഷം സേവനമനുഷ്ഠിച്ച അസം സ്വദേശിയായ വിമുക്ത ഭടനോട് പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ നിര്‍ദേശം. മുഹമ്മദ് അസ്മല്‍ ഹഖ് എന്ന മുന്‍ സൈനികനെ സംശയിക്കപ്പെടുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം 13ന് പൗരത്വം തെളിയിക്കുന്ന രേഖകളുമായി ട്രൈബ്യൂണല്‍ മുന്‍പാകെ ഹാജരാകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. 1986 മുതല്‍ 2016 വരെ ഇന്ത്യന്‍ സേനയില്‍ സേവനം അനുഷ്ഠിച്ചയാളാണ് മുഹമ്മദ് അസ്മല്‍. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറായാണ് അദ്ദേഹം വിരമിച്ചത്.
സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം ഗുവാഹത്തിയിലെ വസതിയില്‍ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹമിപ്പോള്‍. ബംഗ്ലാദേശ് രൂപീകരണ ശേഷം അവിടെനിന്ന് 100 പേര്‍ ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 1971 മാര്‍ച്ച് 25ന് ശേഷം മതിയായ രേഖകളില്ലാതെ അസമിലേക്ക് കുടിയേറിപാര്‍ത്തുവെന്നാണ് വിമുക്തഭടനെതിരായി അസം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്. സെപ്റ്റംബര്‍ 11ന് ട്രൈബ്യൂണല്‍ മുന്‍പാകെ ഹാജകരാകണമെന്ന് കാണിച്ച് ജൂലൈ ആറിന് അദ്ദേഹത്തിന് നോട്ടിസ് ലഭിച്ചിരുന്നു. ഇതിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയത്. ഈ സംഭവം ദുഃഖമുണ്ടാക്കുന്നതാണ്. 30 വര്‍ഷം രാജ്യത്തിനുവേണ്ടി സേവനം ചെയ്തു. താന്‍ ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണെന്നും സര്‍ക്കാര്‍ എന്തിനാണ് ഇത്തരത്തില്‍ ദ്രോഹിക്കുന്നതെന്നും അസ്മല്‍ ചോദിക്കുന്നു. നേരത്തെ അദ്ദേഹത്തിന്റെ ഭാര്യയെയും ഇതേ ആവശ്യമുന്നയിച്ച് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ വിളിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."