കടല്‍മാര്‍ഗമുള്ള ഹജ്ജ് യാത്ര പരിഗണനയില്‍ പുതിയ ഹജ്ജ് നയം ഈയാഴ്ച
ന്യൂഡല്‍ഹി: അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള പുതിയ ഹജ്ജ് നയം കേന്ദ്രസര്‍ക്കാര്‍ ഈയാഴ്ച പുറത്തിറക്കും. കഴിഞ്ഞ ഹജ്ജ് സീസണിലെ അവസാന തീര്‍ഥാടക സംഘം രണ്ടുദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തിരിച്ചെത്തും. അതിനു പിന്നാലെയാവും 2018- 22 വര്‍ഷത്തെ ഹജ്ജ് നയം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയം പുറത്തിറക്കുക. ഹജ്ജ് യാത്രാ ചെലവ് കുറയ്ക്കുന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളും പുതിയ നയത്തില്‍ ഉണ്ടാവും. ഒരാള്‍ക്ക് ഒരു തവണമാത്രമായി ഹജ്ജ് യാത്ര പരിമിതപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിലൂടെ ഹജ്ജ് യാത്ര ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരം ലഭ്യമാക്കാനാവുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
ഹജ്ജ് യാത്രയുടെ ചെലവുചുരുക്കുന്നതിനായി മുംബൈയില്‍ നിന്ന് സഊദിയിലേക്ക് കപ്പല്‍ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കാനും ധാരണയായി. വിമാനസര്‍വീസ് ജനകീയമാവുന്നതിനു മുമ്പ് നേരത്തെ ഉണ്ടായിരുന്ന കപ്പല്‍യാത്ര തിരിച്ചുകൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഇതുസംബന്ധിച്ച തീരുമാനങ്ങളും പുതിയ നയത്തില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. കപ്പല്‍യാത്രാ സൗകര്യങ്ങള്‍ പൂര്‍ത്തിയാവുകയാണെങ്കില്‍ അടുത്തവര്‍ഷം തന്നെ കടല്‍വഴിയുള്ള തീര്‍ഥാടനം ഉണ്ടാകും. വര്‍ധിച്ച ഹജ്ജ് യാത്രാ ചെലവ്, കപ്പല്‍വഴിയുള്ള യാത്രകൊണ്ട് ചുരുക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
2022ഓടെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കണമെന്ന സുപ്രിം കോടതി ഉത്തരവ് നടപ്പാക്കുന്നതിനും കപ്പല്‍ മാര്‍ഗമുള്ള ഹജ്ജ് യാത്ര സഹായകരമാകുമെന്നാണ് കണക്കുകൂട്ടല്‍. 1995ലാണ് അവസാനമായി ഇന്ത്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗം തീര്‍ഥാടകര്‍ യാത്ര പുറപ്പെട്ടത്. 2300 നോട്ടിക്കല്‍ മൈല്‍ ദൂരമാണ് മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കുള്ളത്. 1995ല്‍ ഇത്രയും ദൂരം യാത്ര ചെയ്യാന്‍ ഒരാഴ്ചവരെ സമയം വേണ്ടിവന്നിരുന്നു എങ്കില്‍ ഇപ്പോഴത് മൂന്നു ദിവസം മതിയാകും. 4,000 മുതല്‍ 5,000 വരെ യാത്രക്കാരെ വഹിക്കാവുന്ന ആധുനിക സൗകര്യങ്ങളുള്ള കപ്പല്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട അനുവദിക്കുന്നതിലെ മാനദണ്ഡം മാറ്റണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്രത്തിനു മുമ്പാകെ കേരളം വച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനമാണ് കേരളമെങ്കിലും ക്വാട്ട അനുവദിക്കുന്നതില്‍ ആറാം സ്ഥാനമാണുള്ളത്. അപേക്ഷകരുടെ എണ്ണംപരിഗണിച്ച് സംസ്ഥാനങ്ങള്‍ക്കു ക്വാട്ടവിഹിതം നല്‍കണമെന്നതാണ് കേരളത്തിന്റെ ആവശ്യം.
ഹജ്ജ് സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതു സംബന്ധിച്ച് പഠിക്കാനും പുതിയ നയം തയാറാക്കാനുമായി ഈ വര്‍ഷമാദ്യം കേന്ദ്രസര്‍ക്കാര്‍ ആറംഗസമിതിയെ നിയോഗിച്ചിരുന്നു. ഹജ്ജിന്റെ ചുമതലയുള്ള ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ ജിദ്ദയിലെ ഇന്ത്യയുടെ മുന്‍ കോണ്‍സുലേറ്റ് ജനറല്‍ അഫ്‌സല്‍ അമാനുല്ല, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.എസ് പര്‍ക്കര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഖൈസര്‍ ശമീം, എയര്‍ ഇന്ത്യ മുന്‍ ചെയര്‍മാന്‍ മൈക്കല്‍ മസ്‌കറേന്നസ്, പ്രമുഖ മുസ്്‌ലിം പണ്ഡിതനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ കമാല്‍ ഫാറൂഖി, ന്യൂനപക്ഷകാര്യമന്ത്രാലയത്തിലെ മെംബര്‍ സെക്രട്ടറി ജെ. ആലം എന്നിവര്‍ അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."