നെഹ്റയും കാര്‍ത്തിക്കും ടീമില്‍; രഹാനെ പുറത്ത്
മുംബൈ: ആസ്ത്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ ഇടം കൈയന്‍ പേസര്‍ ആശിഷ് നെഹ്റയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേഷ് കാര്‍ത്തിക്കും ടീമില്‍ തിരികെയെത്തി. ഏതാണ്ട് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള നെഹ്റയുടെ തിരിച്ചുവരവാണ് ശ്രദ്ധേയം.
ഏകദിന പരമ്പരയില്‍ വ്യക്തിപര കാരണങ്ങളാല്‍ മാറിനിന്ന ശിഖര്‍ ധവാനും ടീമില്‍ ഇടം നേടി. ഓസീസിനെതിരേ മികച്ച പ്രകടനം നടത്തിയ ഓപണര്‍ അജിന്‍ക്യ രഹാനെയെ ടി20 ടീമിലേക്ക് പരിഗണിച്ചില്ല. ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ ബാറ്റ്സ്മാനായിട്ടും പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങാണ് രഹാനെയ്ക്ക് വിനയായത്. യുവതാരം റിഷഭ് പന്തിനും സുരേഷ് റെയ്നയ്ക്കും യുവരാജ് സിങിനും ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല.
ഏകദിന പരമ്പരയിലുണ്ടായിരുന്ന ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരെയും ഒഴിവാക്കി. സ്പിന്നര്‍മാരായ അശ്വിന്, ജഡേജ എന്നിവരേയും പരിഗണിച്ചില്ല. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഈ മാസം ഏഴിനും രണ്ടാം മത്സരം പത്തിനും മൂന്നാം പോരാട്ടം 13നും നടക്കും.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മഹേന്ദ്രസിങ് ധോണി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്, കെ.എല്‍ രാഹുല്‍, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്റ, ആശിഷ് നെഹ്റ, ദിനേഷ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."