കേരളം ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയിലേക്ക്
കാസര്‍കോട് ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ പന്തുരുളാന്‍ ഇനി രണ്ടുദിവസം മാത്രം ശേഷിക്കെ കേരളം കാല്‍പ്പന്ത് ലഹരിയില്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ഐ.എം വിജയനും ബാലചന്ദ്രനും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ കൈയില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങിയതോടെയാണ് നാടെങ്ങും ഫുട്‌ബോള്‍ ലഹരിയിലായത്. ലോകകപ്പ് വേദികളിലൊന്നായ കൊച്ചിയിലേക്കാണ് കാസര്‍കോട് നിന്നും ദീപശിഖാ പ്രയാണത്തിന് തുടക്കമായത്. ആറിന് ദീപശിഖ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സ്ഥാപിക്കും.
കൊച്ചി ഉള്‍പ്പെടെ ആറു ഇന്ത്യന്‍ നഗരങ്ങളില്‍ നടക്കുന്ന ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ആറിന് കൊല്‍ക്കത്തയിലാണ് കിക്കോഫ്. കാസര്‍കോട് ജി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച ദീപശിഖാ പ്രയാണം റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍കാലങ്ങളില്‍ ഐ.എം വിജയന്‍, ബാലചന്ദ്രന്‍, എം. സുരേഷ് തുടങ്ങിയവരെ പോലെ മികച്ച കളിക്കാര്‍ ഉണ്ടായിരുന്നെങ്കിലും ടീം എന്ന നിലയില്‍ ഇന്ത്യക്കു ലോക ഫുട്‌ബോളില്‍ മികച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അണ്ടര്‍ 17 ലോകകപ്പോടെ ഇന്ത്യന്‍ ഫുട്‌ബോളിലും മാറ്റം കണ്ടുതുടങ്ങുമെന്ന പ്രതീക്ഷയിലാണെന്ന് മന്ത്രി പറഞ്ഞു.
വണ്‍ മില്യണ്‍ ഗോള്‍ പരിപാടി കേരളത്തില്‍ നടത്തിയതു കൊണ്ടാണ് ഇത്രയും വിജയമായതെന്ന് ദീപശിഖ ഏറ്റുവാങ്ങുന്നതിനിടെ ഐ.എം വിജയന്‍ പറഞ്ഞു. കൊല്‍ക്കത്ത പോലെയുള്ള സ്ഥലങ്ങളില്‍ ഈ ആവേശമുണ്ടാകില്ല.
ഇന്ത്യയിലെ മികച്ച കളിക്കാരനെന്നു പേരെടുത്ത എം. സുരേഷിനെ കാസര്‍കോടുകാര്‍ വേണ്ടരീതിയില്‍ അംഗീകരിച്ചിട്ടില്ലെന്നും വിജയന്‍ പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു,കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.പി.പി. മുസ്തഫ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍വാഹക അംഗങ്ങളായ സഞ്ജയന്‍കുമാര്‍, എം.ആര്‍.രഞ്ജിത്ത്, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."