രഞ്ജി ട്രോഫി: ജാര്‍ഖണ്ഡിനെതിരേ കേരളത്തിന് മേല്‍ക്കൈ
തിരുവനന്തപുരം: രഞ്ജി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്നലെ ആരംഭിച്ച മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ജാര്‍ഖണ്ഡിനെ ആദ്യ ദിനത്തില്‍ ഒന്‍പത് വിക്കറ്റിന് 200 എന്ന നിലയില്‍ ഒതുക്കാന്‍ കേരളത്തിന് സാധിച്ചു. 29 ഓവറില്‍ എട്ട് മെയ്ഡനടക്കം 50 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജലങ് സക്‌സേനയുടെ ബൗളിങ്ങാണ് കേരളത്തിന് കരുത്തായത്.
സൗരഭ് തിവാരി (22), ഇഷാങ്ക് ജഗി (പൂജ്യം), ഇഷാന്‍ കിഷന്‍ (45) വരുണ്‍ ആരോണ്‍ (ഏഴ്) എന്നിവരടങ്ങിയ ജര്‍ഖണ്ഡിന് കേരളത്തിന്റെ ബൗളര്‍മാരെ നേരിടാന്‍ ഏറെ പണിപ്പെടേണ്ടിവന്നു.
മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ഓപണര്‍ ബാബുല്‍ കുമാറിനെ (പൂജ്യം) കീപ്പര്‍ അസ്ഹറുദ്ദീന്റെ കൈയിലെത്തിച്ച് സന്ദീപ് വാര്യര്‍ കേരളത്തിന് മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് ജലങ് സക്‌സേന ബൗളിങിന്റെ കടിഞ്ഞാണേന്തുകയായിരുന്നു. നാസിം സിദ്ദിഖി (24), വിരാട് സിങ് (15), തിവാരി, ജഗി, കൗശല്‍ സിങ് (24), ആശിഷ് കുമാര്‍ (25) എന്നിവരാണ് സക്‌സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. 100 പന്ത് നേരിട്ട് മൂന്ന് ബൗണ്ടറികള്‍ പറത്തി 45 റണ്‍സെടുത്ത് ടോപ് സ്‌കോററായ ഇഷാനെ മോനിഷിന്റെ പന്തില്‍ സഞ്ജു പിടികൂടി. ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ വരുണ്‍ ആരോണിനെ മടക്കി അയച്ചത് അക്ഷയ് ആണ്. കീപ്പര്‍ അസ്ഹറുദ്ദീന്‍ രണ്ട് സ്റ്റംപിങ് നടത്തുകയും രണ്ട് ക്യാച്ചെടുക്കുകയും ചെയ്തു. ആദ്യ ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ 23 റണ്‍സുമായി സണ്ണി ഗുപ്തയും ഒരു റണ്‍സുമായി സമര്‍ ഖ്വാദിരിയുമാണ് ക്രീസിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."