അര്‍ജന്റീന തുലാസില്‍
മോണ്ടെവിഡിയോ: 2018ലെ റഷ്യന്‍ ലോകകപ്പില്‍ മുന്‍ ചാംപ്യന്‍മാരായ അര്‍ജന്റീന ഉണ്ടാകുമോ. അര്‍ജന്റീനയുടേയും മെസ്സിയുടേയും കളി റഷ്യന്‍ ലോകകപ്പില്‍ കാണണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. പെറുവിനെതിരായ നിര്‍ണായക ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നത് അവര്‍ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. പെറുവിനെതിരേ ജയം അനിവാര്യമായിരുന്ന അര്‍ജന്റീന ഗോള്‍രഹിത സമനില വഴങ്ങി ആറാം സ്ഥാനത്തേക്ക് വീണു. പെറു ഗോള്‍ ശരാശരിയില്‍ അര്‍ജന്റീനയെ പിന്തള്ളി അഞ്ചാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. അടുത്ത ആഴ്ച നടക്കുന്ന ഇക്വഡോറിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വന്‍ മാര്‍ജിനില്‍ വിജയം അനിവാര്യമാണ്. അതുമാത്രം പോര പെറു- കൊളംബിയ, ബ്രസീല്‍- ചിലി മത്സരങ്ങളിലെ ഫലങ്ങളും അവര്‍ക്ക് നിര്‍ണായകം. ചിലിയും പെറുവും തോറ്റാല്‍ മാത്രമാണ് ഇക്വഡോറിനെതിരായ വിജയം കൊണ്ട് അര്‍ജന്റീനയ്ക്ക് ഗുണമുള്ളു.
ലാറ്റിനമേരിക്കയില്‍ നിന്ന് നാല് ടീമുകള്‍ക്ക് നേരിട്ടും അഞ്ചാം സ്ഥാനത്തുള്ള ടീമിന് കോണ്‍കാകാഫ് മേഖലയില്‍ നിന്നുള്ള ടീമുമായി യോഗ്യതാ പോരാട്ടം കളിച്ചുമാണ് യോഗ്യത നേടാനുള്ള അവസരമുള്ളത്. ബ്രസീല്‍ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയതിനാല്‍ ശേഷിക്കുന്ന സ്ഥാനത്തേക്കാണ് ഇനിയുള്ള മത്സരം.
മറ്റ് മത്സരങ്ങളില്‍ ബൊളീവിയ- ബ്രസീല്‍, വെനസ്വെല- ഉറുഗ്വെ ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. വിജയിച്ചിരുന്നെങ്കില്‍ ഉറുഗ്വെയ്ക്ക് യോഗ്യത ഉറപ്പിക്കാമായിരുന്നു. അവര്‍ അടുത്ത മത്സരം വരെ ഇനിയും കാത്തിരിക്കണം. ചിലി- ഇക്വഡോറിനെ 2-1ന് പരാജയപ്പെടുത്തിയപ്പോള്‍ കരുത്തരായ കൊളംബിയയെ പരാഗ്വെ ഇതേ സ്‌കോറിന് അട്ടിമറിച്ചു.
ജര്‍മനിക്കും ഇംഗ്ലണ്ടിനും യോഗ്യത
ബെല്‍ഫെസ്റ്റ്: നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി, കരുത്തരായ ഇംഗ്ലണ്ട് ടീമുകള്‍ 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യ സ്വന്തമാക്കി. ജര്‍മനി 3-1ന് ഉത്തര അയര്‍ലന്‍ഡിനേയും ഇംഗ്ലണ്ട് 1-0ത്തിന് സ്ലോവാനിയേയും വീഴ്ത്തിയാണ് യോഗ്യത ഉറപ്പാക്കിയത്. ഇതോടെ യൂറോപ്പില്‍ നിന്ന് യോഗ്യത ഉറപ്പാക്കിയ ടീമുകളുടെ എണ്ണം നാലായി. ആതിഥേയരെന്ന നിലയില്‍ റഷ്യയും ഗ്രൂപ്പ് എച്ച് ചാംപ്യന്‍മാരായ ബെല്‍ജിയവും നേരത്തെ തന്നെ സീറ്റുറപ്പിച്ചിരുന്നു. ഗ്രൂപ്പ് സി ചാംപ്യന്‍മാരായാണ് ജര്‍മനി എത്തുന്നതെങ്കില്‍ ഗ്രൂപ്പ് എഫ് വിജയികളായാണ് ഇംഗ്ലീഷ് പടയുടെ വരവ്.
ഉത്തര അയര്‍ലന്‍ഡിനെതിരേ കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഗതി നിര്‍ണയിക്കുന്ന ഗോളിലൂടെ സെബാസ്റ്റ്യന്‍ റൂഡി ജര്‍മനിക്ക് ലീഡ് സമ്മാനിച്ചു. 21ാം മിനുട്ടില്‍ വാഗ്നര്‍ രണ്ടാം ഗോളിലൂടെ ജര്‍മന്‍ ലീഡുയര്‍ത്തി. 86ാം മിനുട്ടില്‍ ജോഷ്വ കിമ്മിച് മൂന്നാം ഗോളിലൂടെ പട്ടിക പൂര്‍ത്തിയാക്കി. അവസാന വിസിലിന് നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ മഗെന്നിസ് അയര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ നേടി.
സ്ലോവാനിയക്കെതിരേ കളിയുടെ അവസാന നിമിഷം വരെ ഗോള്‍രഹിതമായ പോരാട്ടത്തില്‍ ഇഞ്ച്വറിയായി ലഭിച്ച നാല് മിനുട്ടിന്റെ അന്ത്യത്തില്‍ ഹാരി കെയ്ന്‍ നേടിയ ഒറ്റ ഗോളിന്റെ മികവിലാണ് ഇംഗ്ലണ്ട് കടന്നുകൂടിയത്. മറ്റ് മത്സരങ്ങളില്‍ നോര്‍വെ 6-0ത്തിന് സാന്‍ മരിനോയേയും റൊമാനിയ 3-1ന് കാസിക്കിസ്ഥാനേയും ഡെന്മാര്‍ക് 1-0ത്തിന് മോണ്ടെനെഗ്രോയേയും സ്‌കോട്‌ലന്‍ഡ് 1-0ത്തിന് സ്ലോവാക്യയേയും പരാജയപ്പെടുത്തി. മാള്‍ട- ലിത്വാനിയ പോരാട്ടം 1-1ന് സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."