കിട്ടാനുള്ളത് ലക്ഷങ്ങള്‍; നാളെ മുതല്‍ ആശുപത്രി മാലിന്യം എടുക്കില്ലെന്ന് ഇമേജ്
തിരുവനന്തപുരം : സംസ്ഥാനത്ത് ആശുപത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള, ഏക ആശ്രയമായ പാലക്കാട്ടെ ഇമേജ് നാളെ മുതല്‍ മാലിന്യം എടുക്കില്ലെന്ന് സര്‍ക്കാരിന് നോട്ടീസ് നല്‍കി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തുന്ന സ്ഥാപനത്തിന് നിലവില്‍ ലക്ഷക്കണക്കിന് രൂപയാണ് ലഭിക്കാനുള്ളത്.
ഇമേജ് മാലിന്യം എടുക്കാതെ വന്നാല്‍ അത് സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ഗുരുതര ഭവിഷത്തു സൃഷ്ടിക്കും. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് ഇമേജുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ പറയുന്നു.
ആശുപത്രി മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് നിലവില്‍ ഇമേജില്‍ മാത്രമാണ് സംവിധാനമുള്ളത്. അത്യാധുനിക സംവിധാനങ്ങളുണ്ടെങ്കിലും സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ഇമേജിന് പരിമിതികളുണ്ട്. കഴിഞ്ഞ വര്‍ഷം എഴുപതിനായിരം കിലോ ആശുപത്രി മാലിന്യമാണ് ഇവിടെ സംസ്‌കരിച്ചത്. എന്നാല്‍ ഇതിന്റെ ഇരട്ടിയലധികം മാലിന്യം പ്രതിവര്‍ഷം ഉണ്ടാകുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
മാലിന്യം എടുക്കില്ലെന്ന് ഇമേജ് നോട്ടീസ് നല്‍കിയതോടെ, ആശുപത്രി മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണി ഉന്നതതലങ്ങളില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും മിക്ക സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ഇവ അശാസ്ത്രീയമായാണ് നശിപ്പിക്കുന്നത്. മരുന്നുകളുടെ കാര്യത്തില്‍, അവ ഉപയോഗശൂന്യമായാല്‍ അതത് കമ്പനികള്‍ തന്നെ തിരിച്ചെടുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും അധികവും അത് പാലിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ മരുന്ന് മാലിന്യ സംസ്‌കരണത്തിനായുള്ള പ്രോട്ടോക്കോള്‍ തയാറാക്കാനുള്ള ശ്രമത്തിലാണ്. ഈ മാസം തന്നെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. ഇമേജിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് അടിയന്തിര നടപടിയെടുക്കണമെന്ന് ഹരിതകേരള മിഷനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ചും ഇമേജിനെ മാതൃകയാക്കിയുള്ള പ്ലാന്റുകള്‍ സ്ഥാപിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊച്ചിയിലെ ബ്രഹ്മപുരത്ത് മൂന്ന് ഏക്കറോളം ഭൂമി ആശുപത്രി മാലിന്യ സംസ്‌കരണത്തിനായി കണ്ടെത്തിയെങ്കിലും തദ്ദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പായില്ല.
ഇമേജ് മാതൃകയില്‍ ഇവിടെയും ഐ.എം.എയുടെ സഹകരണത്തോടെ പ്ലാന്റ് സ്ഥാപിക്കാനായിരുന്നു പദ്ധതി. തിരുവനന്തപുരം ജില്ലയില്‍ പാലോടും സമാനരീതിയില്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. വന മേഖലയിലെ ഏഴ് ഏക്കര്‍ ഭൂമിയാണ് ഇവിടെ പദ്ധതിക്കായി കണ്ടെത്തിയത്. എന്നാല്‍ പരിസ്ഥിതി ലോല പ്രദേശത്തിന്റെ ലിസ്റ്റില്‍ പെട്ടതും പഞ്ചായത്തിന്റെ നിസ്സഹകരണവും ഇവിടെയും പദ്ധതി അനിശ്ചിതത്വത്തിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."