പടയോട്ടത്തിന് തുടക്കമിട്ട് നൈജര്‍
കൊച്ചി: ഏഷ്യന്‍ ആധിപത്യത്തിന് മേല്‍ ആഫ്രിക്കന്‍ വന്യതയുടെ വിജയം. മിസൈലുകളായി പായാന്‍ മോഹിച്ച് കൊച്ചിയുടെ പുല്‍ത്തകിടിയില്‍ പന്ത് തട്ടിയ ഉത്തര കൊറിയയെ ഒരു ഗോളിന് കീഴടക്കി കൗമാര ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ നൈജറിന്റെ പടയോട്ടം. ശക്തന്‍മാരുടെ ഡി ഗ്രൂപ്പില്‍ വിലപ്പെട്ട മൂന്ന് പോയിന്റ് നൈജര്‍ ആദ്യ പടയോട്ടത്തില്‍ തന്നെ സ്വന്തമാക്കി. 59ാം മിനുട്ടില്‍ സലിം അബ്ദുറഹ്മാനാണ് നൈജറിന് ചരിത്ര വിജയത്തിലേക്കുള്ള ഗോള്‍ സമ്മാനിച്ചത്.
കളിയുടെ ആദ്യ മിനുട്ടുകളില്‍ ആഫ്രിക്കന്‍ കരുത്തരായ നൈജറിന്റെ മുന്നേറ്റമായിരുന്നു. ഉത്തര കൊറിയന്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിക്കയറിയ നൈജര്‍ നിരവധി ഗോളവസരങ്ങളാണ് സൃഷ്ടിച്ചത്. നൈജറിന്റെ അതേ ശൈലിയില്‍ കൊറിയന്‍ പടയും തിരിച്ചടിച്ചു തുടങ്ങിയതോടെ പോരാട്ടം പരുക്കനായി. ഇതോടെ രണ്ട് തവണ റഫറി അബ്ദല്‍ഖാദര്‍ സിദേനി മഞ്ഞ കാര്‍ഡ് പുറത്തെടുത്തു. രണ്ടും നൈജര്‍ താരങ്ങള്‍ക്ക്. ജിബ്രില്ല ഇബ്രാഹിമിനും പകരക്കാരനായി കളത്തിലിറങ്ങിയ ഖാദര്‍ അബൂബക്കറിനും. പരുക്കേറ്റ് 29ാം മിനുട്ടില്‍ കളംവിട്ട ക്യാപ്റ്റന്‍ റാഷിദ് അല്‍ഫാരിക്ക് പകരക്കാരനായാണ് ഖാദര്‍ എത്തിയത്. പരുക്കന്‍ അടവുകള്‍ കളം വാണതോടെ പരുക്കേല്‍ക്കുന്ന താരങ്ങളുടെ എണ്ണവും കൂടി. 34 ാം മിനുട്ടില്‍ കൊറിയയുടെ പതിനൊന്നാം നമ്പര്‍ താരം കുങ് ജിന്‍ സോങ് പരുക്കേറ്റ് പുറത്തായി.
പോരാട്ടത്തിന്റെ ഒന്‍പതാം മിനുട്ടില്‍ നൈജറിന് ലഭിച്ച ആദ്യാവസരം മുതലാക്കാനായില്ല. ഇബ്രാഹിം ബാബക്കര്‍ പായിച്ച വലം കാല്‍ ഷോട്ട് കൊറിയന്‍ ഗോളി സിന്‍ ടാ സോങ് കോര്‍ണര്‍ വഴങ്ങി തട്ടിയകറ്റി. കോര്‍ണര്‍ ഇബ്‌റാഹിം ബൗബാക്കര്‍ ഹെഡ്ഡറിലൂടെ വലിയിലേക്ക് തിരിച്ചു വിട്ടെങ്കിലും ലക്ഷ്യം കണ്ടില്ല. 12 ാം മിനുട്ടില്‍ കെറിയക്ക് ലഭിച്ച കോര്‍ണറും മുതലാക്കാനായില്ല. 18ാം മിനുട്ടില്‍ കൊറിയയുടെ കിം ഹി ക്വാങിന്റെ ഷോട്ട് നൈജര്‍ പ്രതിരോധത്തില്‍ തട്ടി മടങ്ങി. 35 വാര അകലെ നിന്ന് യുന്‍ മിന്‍ പായിച്ച വലംകാലന്‍ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. നൈജറിന് ആശ്വാസത്തിന്റെ നിമിഷങ്ങള്‍. ഇരു ടീമുകളും ഗോള്‍ കണ്ടെത്താന്‍ പരുക്കന്‍ അടവുകളുമായി പൊരുതിയെങ്കിലും ഫലം നിരാശ മാത്രമായിരുന്നു. 45ാം മിനുട്ടില്‍ നൈജറിന്റെ യാസിനേ വാ മസാമ്പ ബോക്‌സിന് പുറത്തു നിന്ന് പായിച്ച ഷോട്ട് കൊറിയന്‍ ഗോളി തട്ടിയകറ്റി. നൈജറിന്റെ ഹബിബു സോഫിയാനെ തൊട്ടുപിന്നാലെ തൊടുത്ത ഷോട്ടും ലക്ഷ്യം കണ്ടില്ല. തുല്യശക്തികള്‍ കളം നിറഞ്ഞാടിയ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനില.
ഗോള്‍ ലക്ഷ്യമിട്ടു നൈജറും കൊറിയയും രണ്ടാം പകുതിയില്‍ പരസ്പരം ആക്രമിച്ചു മുന്നേറി. ഒന്നിന് പുറകേ ഒന്നായി ഇരു ഗോള്‍ മുഖത്തേക്കും പടയാളികള്‍ ഇരമ്പി കയറിയെങ്കിലും മുന്നേറ്റങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. കനത്ത ആക്രമണവുമായി നൈജറാണ് മുന്നില്‍ നിന്നത്. 49ാം മിനുട്ടില്‍ സലിം അബ്ദുറഹ്മാനെ കെറിയന്‍ ബോക്‌സിനുള്ളില്‍ നിന്ന് പായിച്ച ഇടംകാലന്‍ ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്. ഗോളുകള്‍ പിറക്കാതായതോടെ പരുക്കന്‍ അടവുകള്‍ക്ക് കരുത്തേറി. കുറിയ പാസുകളുമായി കളം പിടിക്കാന്‍ കൊറിയ നടപ്പാക്കിയ തന്ത്രത്തിന് ഗോളിലൂടെ ആയിരുന്നു നൈജറിന്റെ മറുപടി. 59ാം മിനട്ടില്‍ നൈജറിന്റെ ചരിത്ര ഗോള്‍ പിറന്നു. ജൂനിയര്‍ മെനാസ് വിളിപ്പേരുള്ള നൈജറിന്റെ കൗമാര ലോകകപ്പിലെ ആദ്യ പോരാട്ടത്തിലെ ആദ്യ ഗോള്‍. സലിം അബ്ദുറഹ്മാന്‍ ആയിരുന്നു നൈജറിന് ലോകകപ്പിലെ ആദ്യ ഗോള്‍ സമ്മാനിച്ചത്. നീട്ടികിട്ടിയ പന്ത് പിടിച്ചെടുത്ത് മുന്നേറിയ ഹബീബു സോഫിയാനെ നല്‍കിയ പാസ് സലി അബ്ദുറഹ്മാന്‍ ലക്ഷ്യത്തില്‍ എത്തിച്ചു. കൊറിയന്‍ പടയുടെ നെഞ്ചകം തകര്‍ത്ത ഷോട്ട് വല കുലുക്കി. തൊട്ടു പിന്നാലെ വീണ്ടും ഗോള്‍ അവസരം ലഭിച്ചങ്കെിലും ലീഡ് ഉയര്‍ത്താന്‍ ആഫ്രിക്കന്‍ കരുത്തര്‍ക്കായില്ല. 66 ാം മിനുട്ടില്‍ കൊറിയയുടെ കെയ് താം ബോക്‌സിന് പുറത്ത് നിന്ന് പായിച്ച മികച്ച ഷോട്ട് ഖാലിദ് ലവാലി ഡൈവിങിലൂടെ രക്ഷപ്പെടുത്തി. കൊറിയക്ക് ഗോള്‍ തിരിച്ചടിക്കാന്‍ 73ാം മിനുട്ടില്‍ ലഭിച്ച അവസരവും മുതലാക്കാനായില്ല. നാന്‍ നാം ഹ്യോക്കിന്റെ ഷോട്ട് ഗോളി രക്ഷപ്പെടുത്തി. സമ്പൂര്‍ണ ആധിപത്യവുമായി തിരിച്ചടിച്ച നൈജര്‍ നിരവധി അവസരങ്ങളാണ് കൊറിയന്‍ ഗോള്‍ മുഖത്ത് സൃഷ്ടിച്ചത്. എന്നാല്‍, ഫിനിഷിങിലെ പോരായ്മ വിനയായി. കൊറിയന്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ലഭിച്ച അവസരങ്ങള്‍ പോലും നൈജര്‍ കൗമാരത്തിന് മുതലാക്കാനായില്ല. ഏഴു മിനുട്ട്് ഇഞ്ച്വറി ടൈമിലും തിരിച്ചടിച്ച് സമനിലക്കായി ഉത്തര കൊറിയന്‍ കൗമാര പോരാളികള്‍ കഠിന പരിശ്രമം നടത്തിയെങ്കിലും ഭാഗ്യവും വിജയവും ആഫ്രിക്കന്‍ അത്ഭുതമായ നൈജിറിന് ഒപ്പം നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."