ഉഴവൂര്‍ വിജയന്റെ മരണം: സുല്‍ഫിക്കറിനെതിരെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ശിപാര്‍ശ
തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍.സി.പി നേതാവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് ശിപാര്‍ശ ചെയ്തു. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ അടുത്ത അനുയായി കൂടിയായ സുല്‍ഫിക്കര്‍ മയൂരിയെ പ്രതി ചേര്‍ത്ത് കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. ശിപാര്‍ശ ഉടന്‍ ക്രൈബ്രാഞ്ച് സര്‍ക്കാരിന് കൈമാറും.
പപാര്‍ട്ടി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂരിനെ ഫോണില്‍ വിളിച്ച് സുല്‍ഫിക്കര്‍ നടത്തിയ ഭീഷണി പരാമര്‍ശങ്ങള്‍ ആരോഗ്യം വഷളാക്കാന്‍ ഇടയാക്കിയെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
ഫോണ്‍ടേപ്പ് വിവാദത്തില്‍പ്പെട്ട് മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ ഒഴിയുകയും പിന്നാലെ തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഉഴവൂര്‍ ശശീന്ദ്രന്‍ പക്ഷത്താണെന്ന ആരോപണം ശക്തമായിരുന്നു. അതിനിടെയാണ് സുല്‍ഫിക്കര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ഫോണ്‍ സംഭാഷണത്തിനു പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഉഴവൂരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹം മരിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ലഭിച്ചിരുന്നു. ഈ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്യുക. സുല്‍ഫിക്കര്‍ ഉഴവൂരിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."