സഊദി ഇന്‍ഷൂറന്‍സ് മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും
റിയാദ്: രാജ്യത്തെ ഇന്‍ഷൂറന്‍സ് മേഖലയിലെ സമ്പൂര്‍ണ്ണ സഊദി വല്‍ക്കരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചു. സഊദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ സമ്പൂര്‍ണ്ണ സഊദിവല്‍ക്കരണം നടത്തുന്നത്. ഇത് സംബന്ധിച്ച് മോണിറ്ററി ഏജന്‍സി (സാമ) വിക്ജ്ഞാപനം പുറത്തിറക്കി.
മൂന്നര മാസത്തെ സമയമാണ് കമ്പനികള്‍ക്ക് അനുവദിക്കുക. ഫെബ്രുവരി ഒന്നിനാണ് സമ്പൂര്‍ണ്ണ സഊദിവല്‍ക്കരണം നടപ്പിലാക്കുക. ഫെബ്രുവരിക്ക് ശേഷം വിദേശികളുടെ ജോലികള്‍ നിയമ വിരുദ്ധമായി കണക്കാക്കും. 2017 ഫെബ്രുവരിയില്‍ ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിരുന്നു.
നിലവിലെ അവസ്ഥയില്‍ നിന്നും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് തങ്ങളുടെ നില മെച്ചപ്പെടുത്തുന്നതിനാണ് മൂന്നര മാസത്തെ സമയം അനുവദിച്ചിരിക്കുന്നത്. ഇന്‍ഷൂറന്‍സ് കമ്പനികളില്‍ വ്യക്തിഗത ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ തസ്തികകളും വിദേശികള്‍ക്ക് അന്യമാകും. ഇന്‍ഷുറന്‍സ് വിപണിയിലെ ജോലിക്കാര്‍, സെയില്‍സ് പ്രതിനിധികള്‍, മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥര്‍, വാഹന നഷ്ടപരിഹാരം, കസ്റ്റമര്‍ കെയര്‍, പരാതി പരിഹാര വിഭാഗം എന്നിവയും. കരാര്‍ ജോലിക്കാര്‍, ഇന്‍ഷൂറന്‍സ് മേഖലയിലെ ഓഫീസ് ജോലിക്കാര്‍, ഏജന്‍സികള്‍, ഇടനിലക്കാര്‍ എന്നിവയും പൂര്‍ണ്ണമായും സ്വദേശികളായിരിക്കണമെന്നാണ് വ്യവസ്ഥ.
സഊദി വല്‍ക്കരണ പദ്ധതികള്‍ പൂര്‍ത്തിയാക്കാത്ത ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കെതിരെ നിയമാനുസൃത നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് സഊദി മോണിറ്ററിങ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. നിലവില്‍ രാജ്യത്ത് മുപ്പത്തി രണ്ടു ഇന്‍ഷൂറന്‍സ് കമ്പനികളായി 10400 ജീവനക്കാരാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരുടെ എണ്ണത്തില്‍ 3.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."