പെന്ഷന് അക്കൗണ്ടില്‍നിന്ന് വായ്പാ കുടിശ്ശിക ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: പെന്ഷന് അക്കൗണ്ടിലെ തുകയില്‍നിന്ന് വായ്പാ കുടിശ്ശിക ബാങ്കിന് സ്വമേധയാ ഈടാക്കാനാവില്ലെന്നും ഇതനുവദിച്ചാല്‍ പെന്ഷന് പദ്ധതിയുടെ ലക്ഷ്യം തന്നെ ഇല്ലാതാകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
പെന്ഷന് ജീവിതകാലത്തെ ചെലവു വഹിക്കാനായി സാമൂഹ്യ സുരക്ഷാ സംവിധാനമെന്ന നിലയിലാണ് പെന്ഷന് അനുവദിക്കുന്നതെന്നു കോടതി പറഞ്ഞു. രാജ്യാന്തര തലത്തില്‍തന്നെ ഇത്തരമൊരു സംവിധാനത്തെ മനുഷ്യാവകാശത്തിന്റെ ഭാഗമായാണ് പരിഗണിക്കുന്നത്. അനുവദിക്കപ്പെട്ട പെന്ഷന് ലഭിക്കുകയെന്നത് മനുഷ്യാവകാശത്തിലെ അവിഭാജ്യ ഘടകമാണ്. പെന്‍ഷനു വേണ്ടി മാത്രം തുടങ്ങിയ അക്കൗണ്ടില്‍നിന്ന് കുടിശ്ശിക ഈടാക്കാനാവില്ല. സാധാരണഗതിയില്‍ നിക്ഷേപങ്ങളിലും ജാമ്യത്തുകയിലുമാണ് ബാങ്കിന് ഇത്തരം അധികാരമുള്ളത്- ഹൈക്കോടതി വ്യക്തമാക്കി.
കോട്ടയം മാങ്ങാനം സ്വദേശിയും റിട്ട. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനുമായ സി. രാധാകൃഷ്ണന് നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പെന്‍ഷനു വേണ്ടി രാധാകൃഷ്ണന് പുതുപ്പള്ളിയിലെ എസ്.ബി.ഐ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതിനു മുമ്പ് വാഹന വായ്പയെടുത്ത വകയില്‍ ഈ ബാങ്കില്‍ 2.96 ലക്ഷം രൂപയുടെ കുടിശ്ശികയുണ്ട്. ബാങ്കിന് രാധാകൃഷ്ണനില്‍നിന്ന് കുടിശ്ശിക ഈടാക്കാന്‍ അനുകൂല വിധി ലഭിച്ചിരുന്നു. ഇതിനിടെയാണ് പെന്ഷന് അക്കൗണ്ട് തുടങ്ങിയത്. ഇതോടെ കുടിശ്ശിക ബാങ്ക് അധികൃതര്‍ പെന്ഷന് അക്കൗണ്ടില്‍നിന്ന് ഈടാക്കിത്തുടങ്ങി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."