യുവതിയുടെ ദാരുണ കൊലപാതകം; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
അടിമാലി (ഇടുക്കി): സാമൂഹിക പ്രവര്‍ത്തകയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊലനടത്തിയ ശേഷം ഇയാള്‍ അറുത്തെടുത്ത യുവതിയുടെ സ്തനം പ്രതിയുടെ തൊടുപുഴയിലെ വീട്ടില്‍നിന്ന് പൊലിസ് കണ്ടെടുത്തു.
തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) ആണ് പിടിയിലായത്. സാമ്പത്തിക ഇടപാടാണ് കൊടുംക്രൂരതയ്ക്ക് കാരണമെന്നാണ് പൊലിസ് പറയുന്നത്. അടിമാലി പതിനാലാം മൈല്‍ ചരുവിള പുത്തന്‍പുരയില്‍ സിയാദിന്റെ ഭാര്യ സെലീനയാണ് (41) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൊല്ലപ്പെട്ടത്.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പതിനാലാം മൈലിലെ വീടിനു പിന്നിലായാണ് സെലീനയുടെ അര്‍ധ നഗ്‌നമായ മൃതദേഹം കണ്ടെത്തിയത്. വീടിനു പിന്നില്‍ നിന്ന് സെലീന വസ്ത്രങ്ങള്‍ കഴുകുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.16 ഓടെയാണ് പ്രതി ഗിരോഷ് വീട്ടിലെത്തിയത്. കൊലപാതകം നടത്തിയശേഷം എട്ടു മിനിറ്റിനുള്ളില്‍ പ്രതി പുറത്തിറങ്ങി. പിന്നീട് മൂന്നുമണിയോടെ വീണ്ടുമെത്തി മാറിടം മുറിച്ചെടുത്തു.
ഇത് അയയില്‍ കിടന്ന പാന്റില്‍ പൊതിഞ്ഞെടുക്കുകയായിരുന്നെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു. അജ്ഞാതനായ ഒരാള്‍ വരുന്നതും ബൈക്കില്‍ കയറി പോവുന്നതും സമീപത്തെ സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ വ്യക്തമായിരുന്നു.
പ്രതി ഗിരോഷ് നേരത്തെ ഒരു പീഡനശ്രമ കേസില്‍ കുടുങ്ങിയിരുന്നു. ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി സാമൂഹിക പ്രവര്‍ത്തകയായ സെലീനയുടെ സഹായം തേടിയിരുന്നു. പെണ്‍കുട്ടിയെ സഹായിച്ചതോടെ ഗിരോഷിന് സെലീനയോട് വൈരാഗ്യമുണ്ടായിരുന്നു.
എന്നാല്‍, പിന്നീട് സെലീനയും ഗിരോഷും സൗഹൃദത്തിലാവുകയായിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊടുംക്രൂരതക്ക് കാരണമായതെന്നാണ് പൊലിസ് പറയുന്നത്.
വീട്ടിലെത്തിയ ഗിരോഷ് സെലീനയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. തുടര്‍ന്ന് റോഡരികില്‍ വന്ന് പരിസരം വീക്ഷിച്ച് ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം തിരിച്ച് ചെന്ന് മാറിടം അതേ കത്തികൊണ്ട് അറുത്തെടുത്ത് പൊതിഞ്ഞെടുത്തു.
തുടര്‍ന്ന് ബൈക്കില്‍ കയറി തൊടുപുഴയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പൊലിസ് തൊടുപുഴയിലെ വീട്ടിലെത്തുമ്പോള്‍ അറുത്തെടുത്ത മാറിടം കട്ടിലിന് സമീപം വച്ച് ഉറങ്ങുകയായിരുന്നു ഇയാള്‍. ഈ സമയം പിതാവ് മാത്രമാണ് ഇയാളോടൊപ്പമുണ്ടായിരുന്നത്. അടിമാലി ബസ് സ്റ്റാന്‍ഡില്‍ ഓര്‍ക്കിഡ് എന്നപേരിലുള്ള ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്നു ഗിരോഷ്.
ഇന്നലെ പുലര്‍ച്ചെ തൊടുപുഴയിലെ വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സെലീനയുടെ ഭര്‍ത്താവ് സിയാദ് എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് പൂട്ടിയ നിലയിലുമായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. ജില്ലാ പൊലിസ് മേധാവി കെ.ബി.വേണുഗോപാല്‍ അടക്കം ഉന്നതോദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തിയിരുന്നു.
മൂന്നാര്‍ ഡിവൈ.എസ്.പി എസ്. അഭിലാഷ്, സി.ഐ പി.കെ. സാബു, എസ്.ഐ സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘവും രാത്രിയില്‍ തന്നെ സംഭവസ്ഥലത്ത് എത്തി.
പൊലിസ് സംഘം പ്രതിയെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പിടികൂടിയത്. ഗിരീഷ് ശിവസേനയുടേയും ആര്‍.എസ്.എസ്സിന്റെയും സജീവ പ്രവര്‍ത്തകനാണ്. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും സെലിനയുടെ കഴുത്തില്‍ കിടന്ന മാലയും പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് ഗിരോഷിനെ തൊടുപുഴയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."