ഇതരസംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കാന്‍ ശ്രമം
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേ കേരളത്തില്‍ അക്രമം നടക്കുന്നുവെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങിയവരെ തിരികെ ജോലിക്കു കൊണ്ടുവരാന്‍ ശ്രമം തുടങ്ങി. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണു കോഴിക്കോട് നിന്നു ബംഗാളിലേക്കു മടങ്ങിയവരെ തിരികെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നത്. വര്‍ഷങ്ങളായി ഇവിടെ ജോലിചെയ്തുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളിലൂടെ നാട്ടിലേക്കു മടങ്ങിയവരുടെ വാട്ട്‌സ് ആപ്പ് നമ്പറുകളിലേക്കു ഇന്നലെ മുതല്‍ ഹിന്ദിയില്‍ സന്ദേശം കൈമാറി തുടങ്ങി.
ബംഗാളില്‍ നിന്നു പുറത്തിറങ്ങുന്ന മൂന്നു പത്രങ്ങളില്‍ തങ്ങളുടെ വിശദീകരണവും ഹോട്ടലുടമകള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഹോട്ടലുകളില്‍ ജോലിചെയ്യുന്നവരില്‍ ഏറെയും ബംഗാളില്‍ നിന്നുള്ളവരാണ്. ഇവര്‍ നാട്ടിലേക്കു മടങ്ങിയതു ഹോട്ടല്‍ വ്യവസായ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ചില ഹോട്ടലുകള്‍ തൊഴിലാളികളില്ലാത്തതിനാല്‍ പൂട്ടിയിടേണ്ട അവസ്ഥയും കോഴിക്കോട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു നാട്ടിലേക്കു മടങ്ങിയവരെ തിരികെ എത്തിക്കാന്‍ ഇവിടെ തന്നെയുള്ള ഇതരസംസ്ഥാന തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തനം നടത്തുന്നത്.
അതേസമയം വ്യാജ പ്രചാരണത്തെതുടര്‍ന്ന് നാട്ടിലേക്കു മടങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ശക്തമായ കാംപയിന്‍ നടത്തിയതു വഴിയാണു കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നതു തടയാന്‍ കഴിഞ്ഞതെന്നു ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയതിനെ തുടര്‍ന്നു പ്രതിസന്ധിയിലായ കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകളിലേക്കു മറ്റിടങ്ങളില്‍ നിന്ന് നിന്നു തൊഴിലാളികളെ താല്‍ക്കാലികമായി ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മുന്‍കൈയെടുത്ത് എത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."