കേരളത്തിന് വെള്ളമില്ല; തമിഴ്‌നാടിന് വേണ്ടുവോളം
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളം തടഞ്ഞുവച്ച് തമിഴ്‌നാടിന്റെ ധാര്‍ഷ്ട്യം തുടരുന്നു.
കരാര്‍ പ്രകാരം ഓരോ വര്‍ഷവുംനല്‍കേണ്ട ഏഴര ടി.എം.സി വെള്ളത്തില്‍ പകുതിപോലും വിട്ടുനല്‍കാതെ കബളിപ്പിക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍, ഈ വെള്ളം അവരുടെ പദ്ധതിപ്രദേശങ്ങളിലേക്ക് ഇഷ്ടംപോലെ തിരിച്ചുവിടുകയാണ്. പറമ്പിക്കുളത്ത് നിന്നു തൂണക്കടവ് വഴി സര്‍ക്കാര്‍പതി പവര്‍ഹൗസില്‍ വെള്ളമെത്തിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷം അവശേഷിക്കുന്ന ജലം കോണ്ടൂര്‍ കനാല്‍ വഴി തിരുമൂര്‍ത്തി ഡാം വഴി തിരുപ്പൂര്‍ ജില്ലയിലേക്ക് കടത്തിക്കൊണ്ടുപോകുകയാണ്. ആളിയാര്‍ കരാറിന്റെ നഗ്നമായ ലംഘനമായിട്ടും കേരള സര്‍ക്കാര്‍ ഇതുവരെ ഉണര്‍ന്നിട്ടില്ല.
രാത്രിസമയത്താണ് കോണ്ടൂര്‍ കനാലിലൂടെയുള്ള വെള്ളക്കടത്ത്. ഡാമിലെത്തുന്ന വെള്ളം ദളി മെയിന്‍ കനാലിലൂടെയാണ് കരൂര്‍, തിരുപ്പൂര്‍ മേഖലയിലേക്കു വഴിമാറ്റുന്നത്. വാല്‍പ്പാറ, ആളിയാര്‍, പഴനി, ദിണ്ടുക്കല്‍, ഉദുമല്‍പേട്ട, തിരുമൂര്‍ത്തി മേഖലകളില്‍ 15 ദിവസമായി നല്ല മഴയാണ്. ഈ വെള്ളവും തിരുമൂര്‍ത്തിയിലും അപ്പര്‍ ആളിയാര്‍ ഡാമിലും ശേഖരിച്ച് കാര്‍ഷികാവശ്യത്തിനും മറ്റുംനല്‍കുകയാണ്.
കേരളത്തിന് ലഭിക്കേണ്ട വെള്ളം ആളിയാര്‍ ഡാം നിറക്കാതെയാണ് തിരുമൂര്‍ത്തിയിലേക്ക് കൊണ്ടുപോകുന്നത്. 20 കോടിയോളം ചെലവില്‍ ആളിയാര്‍ ലിങ്ക് കനാല്‍ തമിഴ്‌നാട് കഴിഞ്ഞവര്‍ഷം നവീകരിച്ചിരുന്നു. ആറ് കി.മീ പണി പൂര്‍ത്തീകരിച്ചിട്ടും സര്‍ക്കാര്‍പതിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷമുള്ള വെള്ളം ആളിയാര്‍ ലിങ്ക് കനാലിലേക്ക് തുറന്നുവിടാതെ കോണ്ടൂരിലേക്കാണ് കടത്തുന്നത്.
1994ല്‍ കേരളനിയമസഭ അഡ്‌ഹോക് കമ്മിറ്റി പി.എ.പി കരാറിനു ശേഷം തമിഴ്‌നാട് നടത്തിയ കരാര്‍ ലംഘനം കണ്ടെത്തി നിയമസഭയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും തമിഴ്‌നാടിന് ഒരു കത്തയക്കാന്‍ പോലും മാറിമാറി കേരളം ഭരിച്ചവര്‍ക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജലവര്‍ഷം മൂന്നര ടി.എം.സി വെള്ളം മാത്രമാണ് കേരളത്തിന് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."