സുല്‍ത്താന് ആദരമായി ഒരു പുസ്തകമേള
അറിവിന്റെ തമ്പുരാന് ആദരമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ പുസ്തക പ്രദര്‍ശനം ഒക്‌ടോബര്‍ 19 മുതല്‍ മൂന്ന് ദിവസം അരങ്ങേറുന്നു. ചരിത്രാന്വേഷിയായ ഷാര്‍ജാ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രചിച്ച വിവിധ പുസ്തകങ്ങളും വിവിധ ലോക ഭാഷകളിലേക്ക് മൊഴിമാറ്റിയ പുസ്തകങ്ങളും സര്‍വകലാശാലാ സി.എച്ച് മുഹമ്മദ് കോയ ലൈബ്രറി ഹാളില്‍ മൂന്ന് ദിവസം പ്രദര്‍ശിപ്പിക്കും. അല്‍ ഖാസിമി കുടുംബത്തിലെ 15-ാമത്തെ ഭരണാധികാരിയാണ് ഡോ.ശൈഖ് സുല്‍ത്താന്‍.
അറിവുകൊണ്ട് കൂടി സമ്പന്നനായ പ്രബുദ്ധ വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ഷാര്‍ജയെ കൂടുതല്‍ പുരോഗതിയിലേക്ക് നയിച്ചു.
അറബ് മേഖലയിലെ ഇസ്‌ലാമിക, സാംസ്‌കാരിക തലസ്ഥാനം, അറബ് ലോകത്തെ ടൂറിസം തലസ്ഥാനം, അറബ് മാധ്യമപ്രവര്‍ത്തന തലസ്ഥാനം എന്നീ ബഹുമതികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഷാര്‍ജക്ക് അലങ്കാരമായി. ഗവേഷണ കുതുകിയായ സുല്‍ത്താന്‍ ആധികാരിക സ്രോതസ്സുകളെ അടിസ്ഥാനമാക്കി അറേബ്യന്‍ ഗള്‍ഫിന്റെ ചരിത്രം രചിക്കാന്‍ ഏറെ താല്‍പ്പര്യമെടുത്തു. നാലര പതിറ്റാണ്ടുകാലത്തെ ഭരണത്തിലൂടെ ഒരു രാഷ്ട്രത്തെ അധിക സാമ്പത്തിക സമൃദ്ദിയിലേക്ക് നയിച്ച സുല്‍ത്താന്‍, സാംസ്‌കാരികമായും മേഖലയെ സമ്പന്നമാക്കി.
യു.എ.ഇയിലെ ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസവും ക്ഷേമപ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി 'ഷാര്‍ജ സിറ്റി ഫോര്‍ ഹ്യുമനിറ്റേറിയന്‍ സര്‍വീസ്' രൂപീകരിച്ചു.
പൊതുസ്ഥലങ്ങളില്‍ ഇവര്‍ക്ക് സുഗമമായ സഞ്ചാരസംവിധാനങ്ങളും ശുചിമുറികളുമെല്ലാം ഒരുക്കുന്നതില്‍ സവിശേഷ ശ്രദ്ധചെലുത്തി. വയോധികരുടെ പരിപാലനത്തിനും സ്‌നേഹ സമ്പന്നനായ സുല്‍ത്താന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സംഘടിപ്പിക്കുന്ന ഷാര്‍ജാ അന്താരാഷ്ട്ര പുസ്തക മേള ലോക പ്രസിദ്ധമാണ്. നവോത്ഥാന ഭരണാധികാരിയായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ എനിക്ക് ചാരിതാര്‍ഥ്യമുണ്ട്. ഇത് ഇനി എന്റെ കൂടി സര്‍വകലാശാലയാണ് എന്ന് കാലിക്കറ്റിന്റെ ഡി ലിറ്റ് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സുല്‍ത്താന്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ സ്മരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."