ചന്ദ്രനില്‍ സുരക്ഷിത താവളം കണ്ടെത്തിയതായി ജാപ്പനീസ് ബഹിരാകാശ ഏജന്‍സി
ടോക്യോ: ചന്ദ്രനില്‍ പുതിയ സുരക്ഷിത താവളം കണ്ടെത്തിയതായി ജാപ്പനീസ് ബഹിരാകാശ ഏജന്‍സി. ഭാവിയില്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് ഇടത്താവളമായിരിക്കും ഇതെന്ന് ശാസ്ത്രജ്ഞന്‍മാര്‍ സൂചിപ്പിച്ചു. 50 കി.മീ ദൂരമുള്ള ഗുഹയാണ് ഇതെന്ന് ഏജന്‍സി വ്യക്തമാക്കി. അപകടകരമായ ബഹിരാകാശ വികിരണങ്ങളില്‍നിന്ന് ഊഷ്മാവിലുണ്ടാവുന്ന അപകടകരമായ വര്‍ധനവും തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളെയും തരണംചെയ്യാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് സൂചന.
ജപ്പാന്റെ ബഹിരാകാശ ഉപഗ്രഹമായ സെലീനിലൂടെയാണ് ഗുഹയുടെ സാന്നിധ്യം ജപ്പാന്‍ സ്ഥിരീകരിച്ചത്. 3.5 ലക്ഷം കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ നിന്നാണ് ഈ ഗുഹ ഉണ്ടായതെന്നാണ് നിഗമനം. അതേസമയം, കണ്ടെത്തലുകള്‍ യു.എസ് ശാസ്ത്ര മാഗസിനായ ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചന്ദ്രനില്‍ മോറിസ് ഹില്‍സ് എന്നറിയപ്പെടുന്ന മേഖലയിലാണ് ഈ ഗുഹയുള്ളത്. ദീര്‍ഘകാലമായി ഇതില്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നെന്നും ഇപ്പോഴാണ് ഇതിന് സ്ഥിരീകരണം ലഭിച്ചതെന്നും ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയിലെ റിസര്‍ച്ചര്‍ ജുനിച്ചി ഹാരുയാമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."