ഒരു ഐ.എസ് കഥകൂടി പൊളിഞ്ഞു; തൃശൂര്‍ സ്വദേശികള്‍ രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹിതരായി
തൃശൂര്‍: സംഘ്പരിവാര്‍ പ്രചരിപ്പിച്ച ഒരു ഐ.എസ് കഥ കൂടി പൊളിയുന്നു. ഐ.എസില്‍ ചേര്‍ക്കാനായി സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നു എന്ന് വ്യാജവാര്‍ത്ത യ്ക്കിടെ തൃശൂര്‍ പാവറട്ടി സ്വദേശികളായ നിസാമുദ്ദീനും ഹരിതയും വിവാഹിതരായതോടെയാണ് സംഘ്പരിവാര്‍ കെട്ടിച്ചമച്ച കഥ പൊളിഞ്ഞത്. ഒരു പ്രമുഖ ന്യൂസ് ചാനലിലും സോഷ്യല്‍ മീഡിയയിലും ഐ.എസ് വാര്‍ത്ത പ്രചരിക്കുന്നതിനിടെ നിസാമുദ്ദീനും ഹരിതയും മുല്ലശ്ശേരി സബ് രജിസ്ട്രാര്‍ ഓഫിസില്‍വച്ച് വിഹാഹിതരാവുകയായിരുന്നു.
'മതം മാറാന്‍ ഞങ്ങള്‍ ഇരുവരും തീരുമാനിച്ചിട്ടില്ല, സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹമാണ് ചെയ്തിരിക്കുന്നത് ' - ഇവര്‍ പറഞ്ഞു. വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും അതില്‍ മറ്റുള്ളവര്‍ എന്തിനാണ് ഇടപെടുന്നതെന്നും ഇരുവരും ചോദിച്ചു. തങ്ങളുടെ പ്രണയ ബന്ധം തകര്‍ക്കാന്‍ ആര്‍.എസ്.എസുകാര്‍ ശ്രമിച്ചിരുന്നു. മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നു എന്നത് വ്യാജവാര്‍ത്തയാണെന്നും ഇരുവരും പറഞ്ഞു.
ചാനല്‍ ന്യൂസിലൂടെ നിസാമുദ്ദീനെതിരേ തീവ്രവാദ ആരോപണം ഉന്നയിച്ചു രംഗത്തു വന്ന ഹരിതയുടെ പിതാവ് ബി.ജെ.പി-ആര്‍.എസ്.എസ് അനുഭാവിയാണ്. ഐ.എസ് ബന്ധമുള്ള മുസ്‌ലിം യുവാവ് തന്റെ മകളെ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു ഇയാളുടെ പരാതി. നിസാമുദ്ദീന്റേത് എന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ അയാളുടെ സഹോദരന്റെ ഫേസ്ബുക്ക് പ്രൊഫൈലും ചാനല്‍ വാര്‍ത്തയില്‍ പ്രചരിപ്പിച്ചിരുന്നു. ഈ പ്രൊഫൈല്‍ സംഘ്പരിവാര്‍ സര്‍ക്കിളുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹരിത എഴുതി എന്ന് പറയുന്ന ഒരു ഡയറിയും വാര്‍ത്തയില്‍ കാണിച്ചിരുന്നു.
ആര്‍ഷ വിദ്യാ സമാജത്തിന്റെ ഘര്‍വാപ്പസി കേന്ദ്രവും ഈ വിഷയത്തില്‍ ഇടപെട്ടതായി വിവരമുണ്ട്. തൃപ്പൂണിത്തുറ കണ്ടനാട്ടെ വിവാദമായ ഘര്‍വാപ്പസി കേന്ദ്രത്തിന്റെ നടത്തിപ്പുകാരി ശ്രുതി തന്നെ വിളിച്ചിരുന്നതായി ഹരിത പറഞ്ഞു. സനാതന ധര്‍മത്തെക്കുറിച്ച് പഠിക്കാന്‍ ആര്‍ഷ വിദ്യാ സമാജത്തിലേക്ക് വരണമെന്ന് പറഞ്ഞാണ് ക്ഷണിച്ചത്. ഇതിന് മുന്നോടിയായി പെണ്‍കുട്ടിയെ തൃശൂരിലുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ട് പോവുകയും അവിടെവച്ച് ലൗജിഹാദ് പ്രതിപാദിക്കുന്ന സി.ഡികളും പുസ്തകങ്ങളും കാണിക്കുകയും ചെയ്തു.
ഘര്‍വാപ്പസി പീഡനക്കേസില്‍ ഉള്‍പ്പെട്ട ഹിന്ദു ഹെല്‍പ്‌ലൈന്‍ എന്ന തീവ്ര ഹിന്ദുത്വ സംഘടന അച്ഛനെ സഹായിക്കുന്നതായും ഹരിത വെളിപ്പെടുത്തി. നിസാമുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതിയില്‍നിന്ന് അനുകൂലമായി വിധി വന്നതോടെ ഇന്നലെ രാവിലെ തൃശൂര്‍ മുല്ലശ്ശേരി രജിസ്ട്രാര്‍ ഓഫിസില്‍വച്ചാണ് ഇരുവരും വിവാഹിതരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."