വില്ലന്‍ അര്‍ബുദമല്ല; നെരൂദയെ വിഷം കൊടുത്തുകൊന്നതെന്ന് വെളിപ്പെടുത്തല്‍
സാന്റിയാഗോ: വിഖ്യാത കവി പാബ്ലോ നെരൂദയുടെ മരണത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. നേരത്തെ കരുതപ്പെട്ട പോലെ അര്‍ബുദം കാരണമല്ല നെരൂദ മരിച്ചതെന്നും വിഷം കൊടുത്ത് കൊന്നതാണെന്നുമാണു പുതിയ വാര്‍ത്ത. നെരൂദയുടെ മുന്‍ ഡ്രൈവര്‍ മാന്വല്‍ അരായ ആണു വെളിപ്പെടുത്തലിനു പിന്നില്‍.
രഹസ്യസംഘം വിഷം കുത്തിവച്ചാണ് നെരൂദ മരിച്ചതെന്ന് മാന്വല്‍ വെളിപ്പെടുത്തി. അതിനിടെ, നെരൂദ മരിച്ചത് അര്‍ബുദം ബാധിച്ചല്ലെന്ന് ഫോറന്‍സിക് വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍നിന്നാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. എന്നാല്‍, എന്താണു യഥാര്‍ഥ മരണകാരണമെന്നു വ്യക്തമായിരുന്നില്ല. മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തലോടെ സംഭവത്തില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. നെരൂദ ഉറങ്ങിക്കിടക്കെ വയറ്റില്‍ വിഷം കുത്തിവയ്ക്കുകയായിരുന്നെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്നു രാത്രിതന്നെ അദ്ദേഹം മരണത്തിനു കീഴടങ്ങിയെന്നും മാന്വല്‍ അരായ പറഞ്ഞു.
1973 സെപ്റ്റംബര്‍ 23നാണ് പാബ്ലോ നെരൂദ മരിച്ചത്. മൂത്രാശയത്തില്‍ ബാധിച്ച അര്‍ബുദമാണു മരണകാരണമെന്നാണു നേരത്തെ പ്രചരിച്ചിരുന്നത്. ചിലിയില്‍ സൈനിക മേധാവി ജനറല്‍ അഗസ്റ്റോ പിനോഷെ പട്ടാള അട്ടിമറിയിലൂടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്ത് രണ്ട് ആഴ്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ ദുരൂഹത നിറഞ്ഞ മരണം. നെരൂദയ്ക്ക് മൂത്രാശയത്തില്‍ അര്‍ബുദം ബാധിച്ചിരുന്നെങ്കിലും അത്ര ഭീകരാവസ്ഥയിലായിരുന്നില്ല രോഗം. അന്താരാഷ്ട്ര തലത്തിലുള്ള 16 വിദഗ്ധ സംഘമാണ് അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ പരിശോധിച്ചത്.
പിനോഷെ അട്ടിമറിച്ച ചിലിയുടെ സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വദോര്‍ അലെന്‍ഡെയുടെ ഉറ്റസുഹൃത്തും സഹായിയുമായിരുന്നു നെരൂദ. ലാറ്റിനമേരിക്കയില്‍ ഒരു രാഷ്ട്രത്തലവനാകുന്ന ആദ്യ കമ്മ്യൂണിസ്റ്റ് നേതാവു കൂടിയാണ് സാല്‍വദോര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."