ഒരടി മുന്നില്‍ പാലക്കാട്
പാലാ: സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ മഴ നനഞ്ഞ് തണുത്തുറഞ്ഞ ട്രാക്കിലും ഫീല്‍ഡിലും ഇഞ്ചോടിഞ്ച് പോരില്‍ മുന്നിലോടിക്കയറി പാലക്കാട്. 42 ഫൈനലുകളില്‍ മെഡല്‍ ജേതാക്കളെ നിശ്ചയിച്ചപ്പോള്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണ് എറണാകുളത്തെ പിന്നിലാക്കി പാലക്കാട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 13 സ്വര്‍ണം ഏഴ് വെള്ളി 11 വെങ്കലവുമായി 97 പോയിന്റ് നേടിയാണ് പാലക്കാട് പോയിന്റ് ടേബിളില്‍ മുന്നില്‍ കയറിയത്.
ആദ്യ ദിനം മുന്നിലായിരുന്ന എറണാകുളം 13 സ്വര്‍ണവും എട്ട് വെള്ളിയും ഏഴ് വെങ്കലവുമായി 96 പോയിന്റ് നേടി രണ്ടാം സ്ഥാനത്ത്. ആറ് സ്വര്‍ണവും ഏഴ് വെള്ളിയും 10 വെങ്കലവും നേടിയ തിരുവനന്തപുരം 60 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. രണ്ട് സ്വര്‍ണവും 11 വെള്ളിയും ഒരു വെങ്കലവും നേടി 43 പോയിന്റുമായി കോഴിക്കോടാണ് നാലാമത്.
മാര്‍ ബേസിലിന്റെ ചാംപ്യന്‍ സ്കൂള്‍ പട്ടത്തിലേക്കുള്ള ആദ്യ ദിനത്തിലെ കുതിപ്പിന് തടയിട്ട് പാലക്കാട് കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസ് 37 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. 31 പോയിന്റുള്ള പറളിയാണ് രണ്ടാം സ്ഥാനത്ത്. കോതമംഗലം മാര്‍ബേസില്‍ 30 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. രണ്ടാം ദിനത്തില്‍ രണ്ട് റെക്കോര്‍ഡുകളാണ് പിറന്നത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ മാതിരപ്പിള്ളി ജി.വി.എച്ച്.എസ്.എസിലെ സാന്ദ്ര ബാബുവും ഡിസ്കസ് ത്രോയില്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ പി.എ അതുല്യയുമാണ് റെക്കോര്‍ഡ് ജേതാക്കള്‍. പുതുപുത്തന്‍ ട്രാക്കില്‍ ഇതുവരെ ആറ് റെക്കോര്‍ഡുകള്‍ പിറന്നു.
സാന്ദ്ര ബാബുവും സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ കല്ലടി സ്കൂളിലെ നിവ്യ ആന്റണിയും ആര്‍ഷ ബാബുവും ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനം നടത്തി ശ്രദ്ധേയ താരങ്ങളായി മാറി. മേളയുടെ മൂന്നാം ദിനമായ ഇന്ന് 31 ഫൈനലുകള്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."