വിജയിച്ചത് സി.പി.ഐ-കോണ്‍ഗ്രസ് മുന്നണി
കൊട്ടിയം: തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് സ്‌കൂള്‍ ഭരണസമിതിയില്‍ സെക്രട്ടറിസ്ഥാനത്തിന് കടുത്ത തര്‍ക്കം.
വിജയിച്ച സി.പി.ഐ-കോണ്‍ഗ്രസ് മുന്നണിയിലാണ് അടിപിടി ആരംഭിച്ചത്. 10 സി.പി.ഐ അംഗങ്ങള്‍കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു.
എന്നാല്‍ തര്‍ക്കത്തെതുടര്‍ന്ന് വിജയിച്ച അഞ്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സത്യവാചകം ചൊല്ലാനെത്തിയിരുന്നില്ല.
രണ്ടുദിവസമായി സമവായമാകാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെയും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നെങ്കിലും അതും പരാജയപ്പെട്ടു.കഴിഞ്ഞ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് സി.പി.ഐ-കോണ്‍ഗ്രസ് മുന്നണി 15 അംഗ ഭരണസമിതിയിലേയ്ക്ക് വിജയിച്ചത്.
സി.പി.എം മുന്നണിയെയാണ് വലിയ മാര്‍ജിനില്‍ ഇവിടെ തറപറ്റിച്ചത്.
മുന്നണിബന്ധങ്ങള്‍ അപ്രസക്തമായ ഇവിടെ സി.പി.എമ്മും ആര്‍.എസ്.പിയും ഒരുമുന്നണിയായും സി.പി.ഐയും കോണ്‍ഗ്രസും ചേര്‍ന്ന് മറ്റൊരു മുന്നണിയായാണ് മത്സരിച്ചത്.
നിലവിലുണ്ടായിരുന്ന ട്രസ്റ്റ് പ്രസിഡന്റ് ടി.വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു സി.പി.ഐ-കോണ്‍ഗ്രസ് കൂട്ടുകെട്ട്.
രാധാകൃഷ്ണപിള്ളയായിരുന്നു കഴിഞ്ഞ തവണ ഇതേമുന്നണി വിജയിച്ചപ്പോള്‍ ട്രസ്റ്റ് സെക്രട്ടറിയായിരുന്നത്.
ഇത്തവണയും കോണ്‍ഗ്രസ് ഈ പേരുതന്നെ നിര്‍ദേശിച്ചെങ്കിലും തിരഞ്ഞെടുപ്പുകഴിഞ്ഞപ്പോള്‍ സി.പി.ഐ അപ്രതീക്ഷിതമായി കാലുമാറുകയായിരുന്നു.
ഭരണസമിതിയില്‍ 15 ല്‍ 10 പേരുള്ളതിനാല്‍ സി.പി.ഐയ്ക്ക് ഒറ്റയ്ക്ക് സ്‌കൂള്‍ ഭരണം നടത്താമെന്നാണ് നിയമോപദേശം കിട്ടിയത്.
എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ സി.പി.എം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോണ്‍ഗ്രസ് കക്ഷി ചേരാന്‍ സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്.
മുന്നണിയായി മത്സരിച്ചവര്‍ സ്ഥാനത്തിനായി അടിപിടി കൂടുന്നത് സ്‌കൂളിന് വീണ്ടും തിരിച്ചടിയാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."