മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് പൂട്ടുന്നതിനെതിരേ പ്രധാനമന്ത്രിയെ കാണും: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫിസ് പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിമാരെയും പ്രധാനമന്ത്രിയെയും കാണുമെന്ന്് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേരളത്തിലെ എല്ലാ എം.പിമാരോടുമൊപ്പമാണ് വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനെയും പ്രധാനമന്ത്രിയെയും കാണുക. പരിഹാരമായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സേവ് മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് സോഷ്യല്‍ മീഡിയാ കാംപയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാരണവുമില്ലാതെയാണ് കേന്ദ്ര സര്‍ക്കാറിന് വലിയ വരുമാനം ലഭിക്കുന്ന പാസ്പോര്‍ട്ട് കാര്യാലയം അടച്ചു പൂട്ടുന്നത്. ഇതിന്റെ പ്രശ്നങ്ങള്‍ മനസിലാക്കി ബന്ധപ്പെട്ട വകുപ്പു മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അനുകൂലമായ യാതൊരു നിലപാടും അവരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. മലപ്പുറത്തോട് അവഗണനയുടെ സമീപനമാണ് സ്വീകരിക്കുന്നത്.
ഇത്രയധികം അപേക്ഷകരും വരുമാനവുള്ള ഓരു പാസ്പോര്‍ട്ട് ഓഫിസ് നില നിര്‍ത്തുന്നതാണ് സര്‍ക്കാറിനും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരും പ്രശ്നത്തില്‍ ഇടപെടണമെന്ന് പി ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."