ഐ.എസില്‍ ചേര്‍ന്ന 5 കണ്ണൂര്‍ സ്വദേശികള്‍ കൊല്ലപ്പെട്ടതായി പൊലിസ്
കണ്ണൂര്‍: ഐ.എസില്‍ ചേരുന്നതിന് കണ്ണൂരില്‍നിന്ന് സിറിയയിലേക്ക് പോയ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി പൊലിസ് സ്ഥിരീകരണം. അഞ്ചു പേരുടെയും ഫോട്ടോയും പൊലിസ് പുറത്തുവിട്ടു. പാപ്പിനിശ്ശേരി, വളപട്ടണം, ചാലാട്, മുണ്ടേരി എന്നിവിടങ്ങളിലുള്ളവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
പാപ്പിനിശേരിയിലെ പഴഞ്ചിറപള്ളിയിലെ ഷമീര്‍ (45), മകന്‍ സല്‍മാന്‍ (20), കണ്ണൂര്‍ പള്ളിക്കുന്ന് ചാലാട് ഷഹനാദ് (25), ചക്കരക്കല്ല് കമാല്‍പീടികയിലെ മുഹമ്മദ് ഷാജില്‍ (36), വളപട്ടണം മൂപ്പന്‍പാറയിലെ റിഷാല്‍ (30) എന്നിവരുടെ ഫോട്ടോകളാണ് പൊലിസ് പ്രസിദ്ധീകരണത്തിന് നല്‍കിയത്. ഫോട്ടോകള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയതാണെന്നും പൊലിസ് അറിയിച്ചു.
ഐ.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഞ്ച് പേരെ കണ്ണൂര്‍ ടൗണ്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അഞ്ചുപേര്‍ ഇപ്പോഴും സിറിയയില്‍ ഐ.എസിനുവേണ്ടി പോരാടുന്നുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ ഹംസ (57), തലശേരി കോര്‍ട്ട് കോംപ്ലക്‌സ് സൈനാസിലെ മനാഫ് റഹ്മാന്‍ (42), മുണ്ടേരി കൈപ്പക്കയ്യില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിദ്‌ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി അബ്ദുല്‍ റസാഖ് (34), മുണ്ടേരി പടന്നോട്ട്‌മെട്ടയിലെ എം.വി റാഷിദ് (24) എന്നിവരായിരുന്നു അറസ്റ്റിലായത്. ഇതില്‍ ഹംസയെ ചോദ്യം ചെയ്തപ്പോഴാണ് മരിച്ച അഞ്ചുപേരുടെയും ഇപ്പോള്‍ ഐ.എസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരുടെയും വിവരം ലഭിച്ചത്. ബഹ്‌റൈന്‍ കേന്ദ്രമായുള്ള അല്‍ അന്‍സാര്‍ എന്ന സലഫി സംഘടനയുമായി ബന്ധമുള്ളവരാണിവരെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. അറസ്റ്റിലായ പ്രതികളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ദുബൈ, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച യാത്രാരേഖകള്‍, തുര്‍ക്കിയിലെ കറന്‍സികള്‍ എന്നിവയും ഐ.എസിന്റെ ലഘുലേഖകളും പിടിച്ചെടുത്തിരുന്നു. വ്യാജ പാസ്‌പോര്‍ട്ടുകളും കണ്ടെത്തി. കൂടാതെ തീവ്രവാദ ബന്ധം തെളിയിക്കുന്ന ചില രേഖകളും പിടിച്ചെടുത്തതായും പൊലിസ് പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."