ആര്‍.എസ്.എസ് കേന്ദ്രത്തിലേക്ക് പഠനയാത്ര നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍
ജയ്പൂര്‍: സംസ്ഥാനത്തെ മുഴുവന്‍ കോളജുകളിലേയും വിദ്യാര്‍ഥികളുടെ പഠനയാത്ര ആര്‍.എസ്.എസ് പിന്തുണയുള്ള കേന്ദ്രത്തിലേക്ക് നടത്തണമെന്ന നിര്‍ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. രാഷ്ട്രീയക്കാര്‍, ന്യായാധിപര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ അഴിമതി സംബന്ധിച്ച അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന വിവാദ ഓര്‍ഡിനന്‍സിറക്കി വെട്ടിലായ സര്‍ക്കാര്‍ വീണ്ടും ഇതേരീതിയിലുള്ള ഉത്തരവിറക്കിയത് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഉദയ്പൂരില്‍ ആര്‍.എസ്.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയിലേക്ക് കോളജ് വിദ്യാര്‍ഥികള്‍ പഠന യാത്ര നടത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ഈ സ്ഥാപനം ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്തത്. മേവാര്‍ രാജാവായിരുന്ന മഹാറാണ പ്രതാപിന്റെ ഭരണത്തെക്കുറിച്ചും അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങളാണ് ഈ സ്ഥാപനത്തിലുള്ളത്.
സംസ്‌കാരം, പാരമ്പര്യം, ദേശസ്‌നേഹം, വിദ്യാഭ്യാസം, ടൂറിസം, ധീരത തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവബോധമുണ്ടാക്കുകയാണ് പഠനയാത്ര കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് സ്ഥാപനത്തിന്റെ ജോയിന്റ് ഡയരക്ടര്‍ ബന്ദന ചക്രവര്‍ത്തി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പ്രതാപ് ഗൗരവ് കേന്ദ്രത്തെ ദേശീയ തീര്‍ഥാടന കേന്ദ്രമായാണ് ബി.ജെ.പിയും ആര്‍.എസ്.എസും വിശേഷിപ്പിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ വിവാദ ഉത്തരവിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം ഒഴിവാക്കി ഇന്ത്യാ ചരിത്രം തിരുത്തിയെഴുതിയ കേന്ദ്ര സര്‍ക്കാരിനു പിന്നാലെയാണ് വിദ്യാഭ്യാസ രംഗത്തും രാജസ്ഥാന്‍ സര്‍ക്കാര്‍ പുതിയ ചരിത്രമെഴുതാന്‍ തയാറായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഒഡിഷയില്‍ നടന്ന പൈക ബിദ്രോഹ(പൈക പ്രക്ഷോഭം) ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യം മുഴുവന്‍ പൈക ബിദ്രോഹയുടെ ചരിത്ര സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 200 കോടിയും അനുവദിച്ചിട്ടുണ്ട്. ചരിത്രത്തെ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റേയും താല്‍പര്യത്തിനനുസരിച്ച് മാറ്റിയെഴുതുന്നതിന്റെ തെളിവാണ് ഇത്തരത്തിലുള്ള നടപടികളെന്ന ആരോപണം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."