ഗെയില്‍: പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ശേഷം പ്രവൃത്തിയാരംഭിക്കുമെന്ന് സൂചന
അരീക്കോട്: ജനകീയ സമരത്തെ തുടര്‍ന്ന് ഒരു മാസക്കാലമായി നിര്‍ത്തിവച്ച ഗെയില്‍ വാതക പൈപ്പ് ലൈന്‍ പ്രവൃത്തി സി.പി.എം പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ശേഷം ആരംഭിക്കുമെന്ന് സൂചന. ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയില്‍നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ ജനങ്ങള്‍ കഴിഞ്ഞ ഒരുമാസമായി ഗെയില്‍ വിരുദ്ധ സമരത്തിലാണ്. പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ക്ക് ദോഷം വരാത്ത വിധത്തില്‍ ഗെയില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്ന് പ്രദേശിക നേതൃത്വം മേല്‍ഘടകത്തോട് ആവശ്യപ്പെട്ടതായാണറിവ്.
യു.ഡി.എഫ് ഭരണകാലത്ത് ഗെയില്‍ പദ്ധതിക്കെതിരെ സമരരംഗത്ത് ഉണ്ടായിരുന്ന സി.പി.എം എല്‍.ഡി.എഫ് അധികാരത്തിലേറിയതോടെ സമരത്തില്‍നിന്നും വിട്ടുനിന്നത് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനിയാക്കിയിരുന്നു.
പാര്‍ട്ടിയുടെ കര്‍ശന വിലക്ക് ലംഘിച്ച് കാവനൂര്‍, അരീക്കോട് ലോക്കല്‍ കമ്മിറ്റി പരിധിയിലെ പൂക്കോട്ടുചോല, എലിയാപറമ്പ് ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പരസ്യമായി സമരരംഗത്തിറങ്ങുകയും ചെയ്തിരുന്നു. ഇതിന് പുറമെ കാരശ്ശേരി പഞ്ചായത്തംഗം ജി.അബ്ദുല്‍ അക്ബറും കാവനൂര്‍ പഞ്ചായത്തംഗം ഉബൈദുല്ല ശാക്കിര്‍ എലിയാപറമ്പും സമരപ്പന്തലിലെത്തുകയും എലിയാപറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗെയില്‍ വിരുദ്ധ സമരപ്പന്തലില്‍ പാര്‍ട്ടിയുടെ കൊടി നാട്ടിയതും സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സി.പി.എം പ്രവര്‍ത്തകര്‍ എരഞ്ഞിമാവിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ റാലി ഉദ്ഘാടനം ചെയ്യാന്‍ മുന്‍ ഏരിയ സെക്രട്ടറി തയാറായതും ചര്‍ച്ചയായതോടെ സമ്മേളനങ്ങള്‍ അവസാനിക്കും വരെ ഗെയില്‍ പദ്ധതിയുടെ പ്രവൃത്തി താല്‍ക്കാലികമായി നിര്‍വയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ തീരുമാനമെടുത്തതായാണ് സൂചന.
മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ പുല്‍പ്പറ്റ, കാവനൂര്‍, അരീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ് പഞ്ചായത്തുകളിലെ നിഷ്പക്ഷരായ പ്രവര്‍ത്തകരെയടക്കം സമരപ്പന്തലില്‍ എത്തിക്കുന്നത് സി.പി.എം അണികളില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതോടെ അണികള്‍ നേതൃത്വത്തിനെതിരേ തിരിയാന്‍ നിര്‍ബന്ധിതരാവുകയാണ്. യു.ഡി.എഫിന്റെ സംസ്ഥാന നേതൃത്വം മുതല്‍ പ്രാദേശിക ഘടകം വരെ സമരത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഗെയില്‍ വിരുദ്ധ സമരമെന്ന പേരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ രംഗത്തിറങ്ങിയത് വരും കാലങ്ങളില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം വിലയിരുത്തുന്നുണ്ട്.
പൊലിസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കുന്നതും പാര്‍ട്ടിക്കെതിരേ ജനരോഷമുയരാന്‍ കാരണമാകുമെന്നും പ്രദേശിക നേതൃത്വം മേല്‍ഘടകത്തെ അറിയിച്ചതായാണ് വിവരം. പാര്‍ട്ടിയുടെ എതിര്‍പ്പ് വകവെക്കാതെ സമരംഗത്തിറങ്ങിയ കാവനൂര്‍ പഞ്ചായത്തംഗത്തിനെതിരെയും സമ്മേളനങ്ങള്‍ക്ക് ശേഷം നടപടിയുണ്ടാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."