വ്യക്തിസ്വാതന്ത്ര്യത്തിന് വേലികെട്ടരുത്
ഇഷ്ടമതം സ്വീകരിച്ചതിനും ഇഷ്ടപുരുഷനെ വിവാഹം കഴിച്ചതിനും വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന ഹാദിയയെ തുറന്ന കോടതിയില്‍ ഹാജരാക്കണമെന്ന സുപ്രിംകോടതി ഉത്തരവ് ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണ്.
നവംബര്‍ 27ന് മൂന്നുമണിക്ക് മുന്‍പ് ഹാദിയയെ സുപ്രിം കോടതിയില്‍ ഹാജരാക്കണമെന്ന ഉത്തരവ് ഹാദിയ വിഷയത്തില്‍ മുതലെടുപ്പ് നടത്താനിരുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. വ്യക്തിസ്വാതന്ത്ര്യത്തിന് വേലികെട്ടരുതെന്ന താക്കീതും പരമോന്നത കോടതിയുടെ ഇന്നലത്തെ നിരീക്ഷണത്തിലുണ്ട്.അടച്ചിട്ട കോടതിയില്‍ ഹാദിയയുടെ വാദം കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം തള്ളിയാണ് ഹാദിയയെ തുറന്ന കോടതിയില്‍ ഹാജരാക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടത്.
ഹാദിയ പ്രായപൂര്‍ത്തിയായ യുവതിയാണെന്നും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കുന്നതിനും തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനും അവര്‍ക്ക് അവകാശമുണ്ടെന്നും അടിവരയിട്ട കോടതി, ദേശീയ അന്വേഷണ ഏജന്‍സി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച തീവ്രവാദബന്ധ ആരോപണങ്ങളുടെയും മുനയൊടിക്കുകയായിരുന്നു. ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന ആരോപണങ്ങളോ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നതോ വിവാഹബന്ധത്തിലേര്‍പ്പെടുന്നതിന് തടസമല്ലെന്ന കോടതി നിരീക്ഷണവും ശ്ലാഘനീയമാണ്.
ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് ഭീകരബന്ധം ആരോപിച്ച് അശോകന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കുറ്റവാളിയെ വിവാഹം ചെയ്യാന്‍ പാടില്ലെന്ന നിയമം ഇല്ലെന്നു കോടതി വ്യക്തമാക്കിയത്. കുറ്റവാളിയെ വിവാഹം ചെയ്താല്‍ പോലും കോടതിക്ക് നിയമപരമായി തടയാനാകില്ലെന്നു സുപ്രിം കോടതി ഓര്‍മിപ്പിച്ചതിലൂടെ പരമമായ വ്യക്തിസ്വാതന്ത്ര്യത്തിനു തന്നെയാണ് നീതിപീഠം പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. ഏതെങ്കിലും അന്വേഷണ ഏജന്‍സികളോ സംഘ്പരിവാര്‍ സംഘടനകളോ ഇത്തരം കാര്യങ്ങളില്‍ കൈകടത്തേണ്ടതില്ലെന്ന മുന്നറിയിപ്പുകൂടിയാണ് ഇന്നലത്തെ കോടതിവിധിയില്‍ പ്രതിഫലിക്കുന്നത്.
ഇത്തരം പ്രചാരണങ്ങള്‍ക്ക് വശപ്പെട്ട് ഹാദിയക്കുള്ള സുരക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ അമാന്തം കാട്ടരുതെന്നും സുപ്രിം കോടതി ഓര്‍മിപ്പിക്കുന്നു.ഹാദിയയെ ആസൂത്രിതമായി മനം മാറ്റിയതാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും എന്‍.ഐ.എ കോടതിയില്‍ വാദിച്ചെങ്കിലും അതൊന്നും മുഖവിലക്കെടുക്കാന്‍ പരമോന്നത കോടതി തയാറായില്ല.
അതോടൊപ്പം ഹാദിയ കേസിലെ ഹൈക്കോടതി വിധി വിചിത്രങ്ങളില്‍ വിചിത്രമായ ഒന്നാണ് എന്ന് പറയാതെ വയ്യ! വിവാഹത്തില്‍ മാതാപിതാക്കളുടെ പങ്കാളിത്തമില്ലാത്തതു കൊണ്ട് റദ്ദാക്കുന്നു എന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിചിത്രവാദം.
സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതുകൊണ്ടാണ് ഈ അബദ്ധം പറ്റിയത് എന്നായിരുന്നു ഇതിനോടുള്ള ആദ്യപ്രതികരണങ്ങളില്‍ പലതും. എന്നാല്‍, ഹാദിയയുടെ ഭര്‍ത്താവായ ഷെഫിന്‍ ജഹാന്‍ പറയുന്നത് സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹമെന്നാണ്. ഇനി അല്ലെങ്കില്‍ തന്നെ മാതാപിതാക്കളില്ലാതെയും വിവാഹം നടത്താന്‍ മതമനുശാസിക്കുന്ന വേറെ വഴികളുണ്ട് എന്ന് വ്യക്തിനിയമങ്ങളെക്കുറിച്ച് ധാരണയുള്ള എല്ലാവര്‍ക്കുമറിയാം. പിന്നെ എങ്ങനെയാണ് ഇത്തരം ഒരു വിധി ഹൈക്കോടതിയില്‍ നിന്നുണ്ടായത് എന്നത് ഇന്നലത്തെ സുപ്രിം കോടതിവിധിയോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
ഷെഫിന്‍ ജഹാന്റെ സ്വദേശമായ ചാത്തിനാംകുളം ജുമാ മസ്ജിദ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് വിവാഹത്തിനുള്ള അനുമതി വാങ്ങുകയും തുടര്‍ന്ന് ഹാദിയ താമസിക്കുന്നയിടത്തെ സ്ഥലമായ കോട്ടയ്ക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദ് ഉള്‍പ്പെടുന്ന പള്ളികളുടെ ഖാസിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുവാദം വാങ്ങുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പുത്തൂര്‍ ജുമാ മസ്ജിദ് ഇമാം കാര്‍മികനായി 2016 ഡിസംബര്‍ 19ന് ഹാദിയ താമസിച്ചിരുന്ന വീട്ടില്‍വച്ച് നിക്കാഹ് നടക്കുകയും ചെയ്തു. അതിനു പുറമേ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹവും നടന്നതായി ഷെഫിന്‍ ജഹാന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലക്കെടുക്കാതെയായിരുന്നു ഹാദിയയെ പിതാവ് അശോകന്റെ കസ്റ്റഡിയില്‍ വിടാനുള്ള കോടതി വിധി.
ഐ.എസ് ബന്ധം ആരോപിച്ച് എന്‍.ഐ.എ ഒക്ടോബറില്‍ അറസ്റ്റ് ചെയ്ത മന്‍സി ബുറാഖുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇപ്പോള്‍ പരാമര്‍ശവിഷയമല്ലെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."