ശ്രീകണ്ഠപുരം നഗരസഭാ കൗണ്‍സില്‍ ചെയര്‍മാനെ ഉപരോധിച്ചു
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭാ ഓഫിസ് മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ചെയര്‍മാനെ പ്രതിപക്ഷം ഉപരോധിച്ചു. ഓഫിസ് കോട്ടൂരിലേക്ക് മാറ്റാനുള്ള തീരുമാനമാണ് വിവാദമായത്. കൗണ്‍സില്‍ യോഗത്തില്‍ പത്താമത്തെ അജണ്ടയായാണ് ഇതു പരിഗണിച്ചത്. തടസമുയര്‍ത്തി സി.പി.എം കൗണ്‍സിലര്‍മാര്‍ രംഗത്തുവരികയായിരുന്നു.
പ്രതിഷേധത്തിന് ചൂടുപിടിച്ചപ്പോള്‍ നഗരസഭാ ചെയര്‍മാന്റെ ചേംബറിനു മുന്നില്‍ സി.പി.എം കൗണ്‍സിലര്‍മാര്‍ ഉപരോധസമരം നടത്തി. ഇതു തടസപ്പെടുത്താന്‍ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ ഉന്തുംതള്ളുമായി. ഒടുവില്‍ പൊലിസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനു മുന്‍പെ സി.പി.എം കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയായിരുന്നുവെന്ന് ചെയര്‍മാന്‍ ആരോപിച്ചു. എല്ലാ നഗരസഭകള്‍ക്കും മൂന്നുകോടി രൂപ വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ചതിന്റെ പേരില്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള കോട്ടൂരിലേക്ക് നഗരസഭാ ഓഫിസ് മാറ്റാനുള്ള നീക്കം തടയുമെന്നു സി.പി.എം ഏരിയാ സെക്രട്ടറി പി.വി ഗോപിനാഥ് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.
നിസാര കാരണങ്ങള്‍ പറഞ്ഞു സി.പി.എം വികസനത്തിന് തടസം നില്‍ക്കുകയാണെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ചെയര്‍മാന്‍ പി.പി രാഘവന്‍, വൈസ് ചെയര്‍മാന്‍ നിഷിദ റഹ്മാന്‍, കൗണ്‍സിലര്‍മാരായ എ.പി മുനിര്‍, ബിനോയ്, വി.വി സന്തോഷ്, ഷൈല ജോസഫ്, പ്രിന്‍സണ്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."