സഞ്ജുവിന് സെഞ്ച്വറി; കേരളം 219ന് പുറത്ത്
തിരുവനന്തപുരം: ജമ്മു കശ്മിരിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളം ഒന്നാം ഇന്നിങ്‌സില്‍ 219 റണ്‍സില്‍ പുറത്ത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ജമ്മു വിക്കറ്റ് നഷ്ടമില്ലാതെ 16 റണ്‍സെന്ന നിലയില്‍. പത്ത് വിക്കറ്റുകള്‍ കൈയിലിരിക്കേ കേരളത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ ജമ്മുവിന് 203 റണ്‍സ് വേണം.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ് മാന്‍ സഞ്ജു സാംസണ്‍ നേടിയ സെഞ്ച്വറിയാണ് കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങാതെ കേരളത്തിന്റെ സ്‌കോര്‍ 200 കടത്തിയത്. 187 പന്തുകള്‍ നേരിട്ട് 14 ഫോറും ഒരു സിക്‌സും പറത്തി സഞ്ജു 112 റണ്‍സെടുത്തു. മറ്റൊരു താരത്തിനും കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല.
35 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്കാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ജലജ് സക്‌സേന (22), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (19) എന്നിവരാണ് രണ്ടക്കം കടന്ന് മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. മറ്റൊരാള്‍ക്കും രണ്ടക്കം പോലും കണ്ടെത്താനായില്ല. മൂന്ന് താരങ്ങള്‍ സംപൂജ്യരായി കൂടാരം കയറി.
ജമ്മു കശ്മിര്‍ നായകന്‍ പര്‍വേസ് റസൂലിന്റെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രകടനമാണ് കേരളത്തെ തകര്‍ത്തത്. മുദാസിര്‍, ആമിര്‍ അസീസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി കേരളത്തെ ആദ്യ ദിനത്തില്‍ തന്നെ ഓള്‍ ഔട്ടാക്കുന്നതില്‍ നായകന് പിന്തുണയും നല്‍കി. കളി നിര്‍ത്തുമ്പോള്‍ ഏഴ് റണ്‍സ് വീതമെടുത്ത് അഹമദ് ബെന്‍ഡി, ശുഭം ഖജുരിയ എന്നിവരാണ് ക്രീസില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."